കാലിഫോര്‍ണിയ: അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബം പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയം. കാലിഫോര്‍ണിയക്കടുത്ത് ഈല്‍ നദിയില്‍ കുടുംബം സഞ്ചരിച്ചിരുന്നതിന് സമാനമായ എസ്‌യുവി കാര്‍ ഒഴുകിപ്പോയതായി കാലിഫോര്‍ണിയ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുടുംബം ഒഴുക്കില്‍പ്പെട്ടതാവാമെന്നാണ് പോലീസിന്റെ സംശയം.
കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ ഏപ്രില്‍ അഞ്ചാം തീയതി മുതലാണ് കാണാതായത്. ലോസ് ആഞ്ചലസില്‍ താമസിക്കുന്ന സന്ദീപ് തോട്ടപ്പിള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (9) എന്നിവരെയാണ് കാണാതായത്. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെയാണ് സംഭവം.
വെള്ളിയാഴ്ച വൈകിട്ട് വടക്കന്‍ കലിഫോര്‍ണിയ വഴി സഞ്ചരിച്ച കുടുംബത്തിന്റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തില്‍പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് കുടുംബവും അധികൃതരും. വെള്ളിയാഴ്ച കലിഫോര്‍ണിയയില്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു.