അദ്വാനിയെയും മോദിയെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും; പുതിയ തന്ത്രങ്ങൾ മെനഞ് ബിജെപി ;

home-slider indian

മോദി തരംഗം കൊണ്ട് വിജയിച്ചു കയറിയ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു പോലെ എളുപ്പമാകില്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന തിരിച്ചറിവില്‍ ബിജെപി. പാര്‍ട്ടയുടെ തലമുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ആലോചന ബിജെപി തുടങ്ങിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രതിപക്ഷ ഐക്യനിര തനിക്കെതരെ തിരിഞ്ഞെന്ന് ബോധ്യമായതോടെയാണ് അദ്വാനിയുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കാന്‍ മോദി രംഗത്തിറങ്ങിയത്.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. മുരളീമനോഹര്‍ ജോഷിയെയും സ്ഥാനാര്‍ത്ഥി ആക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 90 കഴിഞ്ഞ അദ്വാനിയെ മോദിയും അമിത്ഷായും ഡല്‍ഹി പൃഥ്വിരാജ് റോഡിലെ വീട്ടിലെത്തി കണ്ട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ മോദിയും അദ്വാനിയും രണ്ട് തട്ടിലായിരുന്നു. എന്നാല്‍ പിണക്കം മറന്ന് അദ്വാനിയെ മത്സരിപ്പിക്കാനുള്ള നീക്കം പാര്‍ട്ടി പ്രതിരോധത്തിലാണ് എന്നതിന്റെ സൂചനയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിതമായി ഭരണപക്ഷത്തിനെതിരെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

2014 തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് അദ്വാനി മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച്‌ ബിജെപി അധികാരത്തിലേറി. അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞായിരുന്നു മന്ത്രിസഭാ രൂപീകരണം. എന്നാലിപ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പെത്തുമ്ബോള്‍ ജനപ്രീതി ഏറെയുള്ള മുതിര്‍ന്ന നേതാക്കളെ ആശ്രയിക്കാതെ വഴിയില്ലെന്നായി. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ നിന്ന് പോലും പുറത്താക്കപ്പെട്ട അദ്വാനിയും ജോഷിയും എന്ത് സമീപനമായിരിക്കും വിഷയത്തില്‍ സ്വീകരിക്കുക എന്നാണ് ബിജെപി ഇനി ഉറ്റുനോക്കുന്നത്. മാത്രമല്ല 75 വയസ്സ് കഴിഞ്ഞവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല എന്നൊരു നിയമം കഴിഞ്ഞ വര്‍ഷം ബിജെപി സ്വീകിരിച്ചിരുന്നു.

വരാനിരിക്കുന്നത് ജനപ്രിയ പദ്ധതികളുടെ പ്രളയം

നാല് വര്‍ഷം തികയുന്ന മോദി സര്‍ക്കാര്‍ ജനപ്രീതി പിടിച്ചുപറ്റാന്‍ ഉതകുന്ന പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിരുന്നില്ല. പ്രഖ്യാപിച്ച ചല പദ്ധതികളാകട്ടെ എങ്ങുമെത്താതെ പോകുന്ന നിലയിലുമായി. ഇതോടെ സര്‍ക്കാറിനെതിരായ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതോടെ ജനപ്രിയ സര്‍ക്കാര്‍ ആകാനുള്ള തയ്യാറെടുപ്പിലാണ് നരേന്ദ്ര മോദി. ഇതിനായി വരാനിരിക്കുന്നത് പദ്ധതികളുടെ ബഹളം തന്നെയാണ്.

2019 പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ അഞ്ച് കോടി തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികളില്‍ വര്‍ധനവ് വരുത്താനൊരുങ്ങുകയാണ് മോദി. മൂന്നു പരിപാടികളാണ് തുടക്കത്തില്‍ മോദി ലക്ഷ്യമിടുന്നത്. വാര്‍ദ്ധക്യകാല പെന്‍ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, പ്രസവ ആനുകൂല്യങ്ങള്‍ എന്നിവയിലാണ് വര്‍ധനവ്. തൊഴിലില്ലായ്മയും ശിശുപരിപാലനവും മറ്റ് ആനുകൂല്യങ്ങളും ഒഴിവാക്കി തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പദ്ധതി. അതേസമയം മോദിയുടെ സ്വപ്നപദ്ധതിക്ക് സമയവും വിഭവങ്ങളും പരിമിതമാണെന്നതാണ് വെല്ലുവിളി.

രാജ്യത്തെ അനൗദ്യോഗിക തൊഴിലാളികടക്കം എല്ലാ തൊഴിലാളികള്‍ക്കും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട് . 15 കേന്ദ്ര തൊഴില്‍ നിയമങ്ങളെ ലയിപ്പിച്ചും ലഘൂകരിച്ചുമാണ് സര്‍ക്കാര്‍ നടപടി. ജൂലൈയില്‍ പാര്‍ലമന്റെില്‍ ഈ ബില്‍ അവതരിപ്പിക്കും.

പത്ത് കോടി ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമാക്കിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി ‘മോദികെയറും’ അണിയറയില്‍ ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബഹുജന പദ്ധതികളില്‍ ഒന്നാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രഖ്യാപനം ഫെബ്രുവരിക്ക് ശേഷമുണ്ടാകും. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 മെയില്‍ രാജ്യത്തെ ആറു ജില്ലകളിലായി പദ്ധതിയുടെ പരീക്ഷണ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

രാജ്യത്തിന്റെ ഇപ്പോഴത്തെ 376 ബില്ല്യണ്‍ ഡോളറിന്റെ ദേശീയ ബജറ്റില്‍ നിന്ന് സര്‍ക്കാരിന് മോദിയുടെ സ്വപ്ന പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നത് പ്രയാസമാണ്. മോദിയുടെ പുതിയ വികസന പദ്ധതികള്‍ സമ്ബദ് വ്യവസ്ഥയില്‍ ഇരട്ട ആഘാതമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന സാമൂഹ്യ ചെലവ് സാമ്ബത്തിക സമ്മര്‍ദ്ദമുണ്ടാക്കുകയും അടിസ്ഥാനസൗകര്യ വികസനം ഇല്ലാതാക്കുകയും ചെയ്യും.

എന്നാല്‍ രാജ്യത്തിന്റെ ജി.ഡി.പിയില്‍ പകുതിയിലേറെ സംഭാവന ചെയ്യുന്ന അനൗദ്യോഗിക തൊഴിലാളികള്‍ക്കടക്കം ആനുകൂല്യങ്ങള്‍ നല്‍കുന്നതിലൂടെ അത് ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണക്ക്കൂട്ടല്‍. ഇന്ത്യന്‍ തൊഴില്‍ശക്തിയുടെ 90 ശതമാനത്തില്‍ കൂടുതലും അനൗപചാരിക തൊഴിലാളികളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *