“അങ്ങനെയുള്ളവർക്കെന്തു ലൈംഗിക അധിക്ഷേപം” മോഹൻലാലിനെതിരെ ആഞ്ഞടിച്ചു രേവതിയുടെ വാക്കുകൾ വൈറൽ ;

film news home-slider movies

നടന്‍ മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടി രേവതി. ട്വിറ്ററിലാണ് അവര്‍ മോഹന്‍ലാലിന് മറുപടി നല്‍കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ മോഹന്‍ലാലിന്റെ പേരെടുത്ത് പറയുന്നില്ല. എന്നാല്‍ ലാല്‍ കഴിഞ്ഞദിവസം പറഞ്ഞ കാര്യമാണ് ട്വീറ്റിന് ആധാരം. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീ ടൂ കാംപയിനുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ കഴിഞ്ഞദിവസം യുഎഇയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

മീ ടൂ കാംപയിന്‍ ഒരു ഫാഷനാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അത് കുറച്ചുകാലം കഴിഞ്ഞാല്‍ നില്‍ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ പ്രതികരിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്ന് രേവതി ചോദിക്കുന്നു. രേവതിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ….

മീ ടൂ കാംപയിന്‍

പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് താരസംഘടന അമ്മ യുഎഇയില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ കാര്യപരിപാടികള്‍ വിശദീകരിക്കാന്‍ മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെയാണ് ലാല്‍ മീ ടൂ കാംപയിനുമായി ബന്ധപ്പെട്ടും പ്രതികരിച്ചത്.

മോഹന്‍ലാല്‍ പറഞ്ഞത്

മീ ടൂവിനെ ഒരു മൂവ്‌മെന്റായി കാണേണ്ടതില്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. മലയാള സിനിമയെ ഇത് ബാധിക്കില്ല. പുരുഷന്‍മാര്‍ക്കും മീ ടൂ ആകാമെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു. താന്‍ അനുഭവിക്കാത്ത കാര്യത്തില്‍ എങ്ങനെ അഭിപ്രായം പറയും. അത് ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരു പ്രമുഖ നടന്‍…

എന്നാല്‍ ഇതിനെതിരെയാണ് നടി രേവതി രംഗത്തെത്തിയിരിക്കുന്നത്. മീ ടൂ ഫാഷനാണെന്നാണ് ഒരു പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞ പോലെ, ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ട് തുറന്നുപറയേണ്ടി വരുന്നുവെന്ന് അറിയില്ല. ഈ പറച്ചില്‍ എന്ത് മാറ്റംവരുത്തുമെന്നും അറിയില്ലെന്നും രേവതി ട്വിറ്ററില്‍ പറയുന്നു.

പേരെടുത്ത് പറയാതെ

മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയാണ് രേവതിയുടെ പ്രതികരണം. പ്രമുഖ നടന്‍ എന്നാണ് അവര്‍ സൂചിപ്പിച്ചിരിക്കുന്നത്. രേവതിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വനിതാ താരസംഘടന ഡബ്ല്യുസിസിയുടെ മുന്‍നിരയിലുള്ള വ്യക്തിയാണ് രേവതി. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തി കൂടിയാണിവര്‍.

കോളിളക്കം സൃഷ്ടിച്ച കാംപയിന്‍

ഇന്ത്യന്‍ സിനിമാ മേഖലയില്‍ വന്‍ വിവാദമാണ് മീ ടൂ കാംപയിന്‍ സൃഷ്ടിച്ചത്. സിനിമാ മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയ, മാധ്യമ മേഖലകളിലുള്ളവരും അവര്‍ നേരിട്ട പീഡനങ്ങളും ദുരനുഭവങ്ങളും തുറന്നുപറഞ്ഞതോടെ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്. കാംപയിന്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. രേവതി മറുപടി നല്‍കിയതോടെ ഇനിയും ചര്‍ച്ചയായേക്കും.

മലയാളത്തിലെ ആദ്യ മീ ടൂ കാംപയിന്‍

നടന്‍ മുകേഷിനെതിരെ മുന്‍ സഹപ്രവര്‍ത്തക ടെസ് ജോസഫ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ചെന്നൈയിലെ പരിപാടിക്കിടെ മുകേഷില്‍ നിന്ന് ദുരനുഭവമുണ്ടായി എന്നാണ് അവര്‍ വിശദീകരിച്ചത്. എന്നാല്‍ നിയമനടപടികള്‍ക്കൊപ്പും അവര്‍ മുതിര്‍ന്നില്ല. തന്റെ അനുഭവം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ടെസ് ജോസഫ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *