ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാസമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം , ആരോപണവിധേയനായ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും നടത്തിയ ശ്രമങ്ങള്‍ ജനങ്ങളില്‍ നിരാശയുണ്ടാക്കിയെന്നും സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
റിപ്പോർട്ടിലെ കാര്യങ്ങൾ ഇങ്ങനെ ?
കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നിലപാട് സ്വീകരിച്ച റവന്യൂ വകുപ്പിന് മുകളിലൂടെ മുഖ്യമന്ത്രി നടത്തിയ കൈകടത്തല്‍ മുന്നണി മര്യാദകളുടെ ലംഘനമാണ്. ദേവികുളം ഭൂമി പ്രശ്നത്തില്‍ കൈക്കൊണ്ട നിലപാട് മുഖ്യമന്ത്രിയെ വെറും സിപിഐഎം നേതാവാക്കി ചുരുക്കി. അധികാരം കിട്ടിക്കഴിഞ്ഞാല്‍ നാം മാത്രം മതിയെന്ന സങ്കുചിത മനോഭാവമാണ് മുന്നണി നേതൃത്വത്തിന്.
വൈദ്യുതമന്ത്രി എംഎം മണിയുടെ പ്രസംഗങ്ങള്‍ പലതും പദവിക്ക് യോജിച്ചതല്ല. ലോ അക്കാദമി കൈവശപ്പെടുത്തിയ ഭൂമി തിരിച്ച് പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി പരിശോധിക്കാന്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചു. എന്നാല്‍ പരിശോധന ഉപേക്ഷിക്കപ്പെട്ട മട്ടാണ്. സോളാര്‍ കേസും ഇതുപോലെ തന്നെ.
കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാരുടെ ദയനീയസ്ഥിതി ഈ സര്‍ക്കാരിന് അപമാനമാണ്.