ഒരു കൊലപാതകവും മനസ്സാക്ഷിയുള്ളവര്‍ അംഗീകരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍. ഷുഹൈബ് വധക്കേസില്‍ വിവാദം കത്തി നിൽക്കേ തിരുവനന്തപുരത്തായിരുന്നു വിഎസ് കൊലപാതകത്തെ ശക്തമായി അപലപിച്ചത്. കൃത്യം നടന്ന് ഒരാഴ്ച പിന്നിടുമ്ബോള്‍ കേസില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രതികളുടെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കെയാണ് പ്രതികരണം. മൂന്ന് പ്രതികൾ അറസ്റ്റിലായെങ്കിലും
കേസില്‍ ഇവര്‍ യഥാര്‍ത്ഥ പ്രതികളെല്ലെന്നും പോലീസിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ കീഴടങ്ങിയതാണെന്നും നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായിരിക്കുന്നത് ഡമ്മി പ്രതികളാണെന്നും ഇതെല്ലാം ഒരു നാടകമാണെന്നുമാണ് കോണ്‍ഗ്രസ് ആരോപണം. സംഭവത്തില്‍ 48 മണിക്കൂര്‍ നിരാഹാര സമരത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരനും ഡീന്‍ കുര്യാക്കോസും. ,
കേസില്‍ ഷുഹൈബിനെ കൊല്ലാന്‍ പദ്ധതി ഉണ്ടായിരുന്നില്ലെന്നും കാല്‍ വെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിവോടെയുള്ള ക്വട്ടേഷന്‍ ആയിരുന്നെന്നുമാണ് പിടിയിലായ പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. അഞ്ചു പേര്‍ ഉള്‍പ്പെട്ട കൊലയാളി സംഘമാണ് കൃത്യം നടത്തിയതെന്നും ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തകനാണ് കൊലയാളി സംഘത്തില്‍ പിടിയിലായ തില്ലങ്കേരി ആകാശ്. കൊലയാളിസംഘം കാല്‍ ഒടിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലൂം അക്രമത്തിനായുള്ള യാത്രയ്ക്കിടയിലാണ് അത് കാല്‍ വെട്ടി മാറ്റാനുള്ള തീരുമാനത്തിലെത്തിയത്. എന്നാല്‍ വെട്ടി കഴിഞ്ഞപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ബോംബെറിഞ്ഞത് തിരിച്ചടിയായി.
ആള്‍ക്കാര്‍ ആരും വെട്ടേറ്റു വീണു കിടന്ന ഷുഹൈബിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയില്ല. രക്തം വാര്‍ന്ന് ഇയാള്‍ മരിക്കുകയും ചെയ്തു. പ്രതികളെ ഉടന്‍ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും. ഇവരുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഐജി മഹിപാലിനാണ് അന്വേഷണ ചുമതല. നിലവില്‍ കേസ് അന്വേഷിക്കുന്ന ഉത്തരമേഖലാ ഡിജിപിയായ രാജേഷ് ദിവാന്‍ ഇന്ന് അഞ്ചു മണിക്ക് വാര്‍ത്താസമ്മേളനം നടത്തും.
നേരത്തേ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലും വിഎസ് ശക്തമായി
രംഗത്ത് എത്തുകയും ടിപിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.