ബാര്‍ കോഴ വിവാദം കത്തിനില്‍ക്കെ കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാനായി നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുടെ പേരിലെടുത്ത കേസ് പിന്‍വലിക്കുന്നു. 2015 മാര്‍ച്ച് 13 ന് ബജറ്റ് അവതരണം തടയാന്‍ നടത്തിയ കയ്യാങ്കളിയില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. ഈ നഷ്ടക്കണക്കുകളൊക്കെ ഇനി വെറും കടലാസ്സിൽ ഒതുങ്ങും
മാര്‍ച്ച് മാസത്തില്‍ തന്നെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആറ് സിപിഎം എം.എല്‍.എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് ഈ ആറ് പേരും കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.
മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. വി ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്‍, ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന കെ.ടി ജലീല്‍, സി.കെ സദാശിവന്‍ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതികള്‍. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണ്. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് ശിവന്‍കുട്ടിയുടെ നിവേദനത്തില്‍ പറയുന്നത്.
അപേക്ഷയുടെ മറുപടി നിയമവകുപ്പില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടില്ല. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ തീര്‍പ്പാകൂ.