തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും നല്‍കി ജില്ലാ സഹകരണ ബാങ്കിന്റെ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് യുവാവ് അഞ്ചുലക്ഷം രൂപ വായ്‌പ തട്ടിച്ചെന്ന് പരാതി ലഭിച്ചു. വെഞ്ഞാറമൂട് മാണിക്കമംഗലം പ്രിയാഭവനില്‍ സന്തോഷ്‌കുമാര്‍ എന്ന വ്യാജ മേല്‍വിലാസത്തിലുള്ള പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബാങ്ക് മാനേജര്‍ വെഞ്ഞാറമൂട് സി.ഐയ്‌ക്ക് കൊടുത്ത പരാതിയില്‍ പറഞ്ഞു.
ലോണെടുക്കുന്നതിനുള്ള ജാമ്യത്തിനായി കേരള ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡെവലപ്മെന്റ് ഡിപാര്‍ട്ടമെന്റിലെ സീനിയര്‍ ക്ലാര്‍ക്ക് എന്നപേരില്‍ ജോസഫ് എം.പി, ഹരികുമാര്‍ എന്നിവരുടെ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. നടപടിക്ക്രമെന്ന നിലയില്‍ കണ്‍ഫെര്‍മേഷന്‍ ലെറ്ററുകളും ഓഫീസ് മേല്‍വിലാസത്തില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റായി നല്‍കി. ഇത് സ്വീകരിയ്‌ക്കാന്‍ തിരുവനന്തപുരത്ത് വ്യാജ ഓഫീസ് സംവിധാനവും ഒരുക്കി.
പോസ്റ്റുമാനെ സ്വാധീനിച്ചോ, കബളിപ്പിച്ചോ കത്തുകള്‍ കൃത്യമായി കൈപ്പറ്റുകയും കണ്‍ഫെര്‍മേഷന്‍ ലെറ്റര്‍ ബാങ്കിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016-ല്‍ അഞ്ചുലക്ഷം രൂപ വായ്‌പ നല്‍കിയത്. രണ്ട് ഗഡുക്കള്‍ അടച്ചശേഷം തിരിച്ചടവ് മുടങ്ങി. നോട്ടീസുകള്‍ക്ക് മറുപടികിട്ടാതെവന്നപ്പോള്‍ റവന്യൂ റിക്കവറിയ്‌ക്കുള്ള നടപടി തുടങ്ങി . അവരുടെ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി മനസിലായത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരാതി നല്‍കി.