ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്ക് നേരെ സംഘപരിവാര്‍ ആക്രമണം നടത്തി . പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയുടെ തലയാണ് തകർക്കപ്പെട്ടത് . സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
ത്രിപുര തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പല പ്രമുഖരുടെയും പ്രതിമകള്‍ക്കൾ തകർക്കപ്പെട്ടു.
ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ആയിരുന്നു തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം.ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നു എച്ച്.രാജ ഫെയ്സ്ബുക്കിലുടെ പറഞ്ഞിരുന്നു. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു അന്നു നശിപ്പിക്കപെട്ടത് .
ഇത് ആദ്യമായല്ല ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാനുളള ആഹ്വാനവും ശ്രമങ്ങളും ഹിന്ദുത്വ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
പെരിയാര്‍ എന്ന വിളിപ്പേരില്‍ പ്രശസ്തനായ ഈറോഡ് വെങ്കട രാമസാമി രൂപീകരിച്ചതാണു ദ്രാവിഡര്‍ കഴകം. തമിഴ്നാട്ടില്‍ ദ്രാവിഡ നയങ്ങള്‍ക്കും അതിലൂന്നിയ രാഷ്ട്രീയത്തിനും തുടക്കം കുറിക്കുന്നത് ഈ പ്രസ്ഥാനത്തിലൂടെയാണ്.