കല്‍പ്പറ്റ: രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ ക്രുരത. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. പെണ്‍മക്കളേയുംകൊണ്ട് രാത്രി യാത്രപുറപ്പെട്ട സുരേഷ് ബാബു എന്ന ഒരച്ഛനാണ് സാക്ഷര കേരളത്തില്‍ ഇത്തരത്തില്‍ ഒരനുഭവം നേരിടേണ്ടി വന്നത്.
ഫെബ്രുവരി 28ന് രാത്രി ബംഗളൂരുവിലേക്ക് പോകുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തരാവീര തീയറ്ററിന് സമീപം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നില്‍ക്കുമ്ബോഴാണ് എതിര്‍ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ഡ്രൈവര്‍മാരില്‍ ചിലര്‍ ചെറുപ്പക്കാരികളായ പെണ്‍കുട്ടികളുമായി എന്താടാ ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ച് സമീപത്തെത്തിയത്.
ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് സുരേഷിന്. മക്കളാണെന്ന് പറഞ്ഞിട്ടും കേള്‍ക്കാതെ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. സുരേഷിനെ തള്ളിയിട്ടു. കുട്ടികള്‍ കരഞ്ഞിട്ടും ഏഴോളം വരുന്ന ഡ്രൈവര്‍മാര്‍ പിന്മാറാന്‍ തയ്യാറായില്ല. കുട്ടികളെയും പിടിച്ച് തള്ളിയ ശേഷം സുരേഷിന്റെ ബാഗ് വലിച്ചെടുത്തു. ഏതാടാ കുട്ടികള്‍, എന്താടാ പരിപാടി, എങ്ങോട്ടാ ഇവരെ കൊണ്ടു പോകുന്നതെന്നൊക്കെ ചോദിച്ചായിരുന്നു അതിക്രമം.
തുടര്‍ന്ന് സുരേഷ് കല്‍പ്പറ്റ പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. നിര്‍ഭയയിലും വനിതാ സെല്ലില്‍ വിളിച്ചു പറഞ്ഞ ശേഷം ഇവര്‍ ബസ് വന്നപ്പോള്‍ ബംഗളൂരുവിലേക്ക് പോയി.
എന്നാല്‍ തിരികെ എത്തിയ ശേഷം ശനിയാഴ്ച സുരേഷ് പോലീസില്‍ പരാതി നല്‍കി. മക്കളെയും തന്നെയും അപമാനിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മുന്‍പും ഇവിടുത്തെ രാത്രി സര്‍വീസ് ഡ്രൈവര്‍മാരെക്കുറിച്ച് പരാതി വന്നിട്ടുണ്ട്.