രാജ്യസഭാ തീരഞ്ഞെടുപ്പിന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന വി.മുരളീധരന്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി വിലാസ് അത്വാലെയ്ക്ക് മുമ്ബാകെ രണ്ട് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്താത്തതാണ് വിനയായത്.
കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്നും മത്സരിക്കുമ്ബോള്‍ 2004 – 2005 സാമ്ബത്തിക വര്‍ഷതത്തില്‍ 3,97,558 രൂപ ആദായ നികുതി അടച്ചതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന കാര്യങ്ങള്‍ ബോധപൂര്‍വം മറച്ച് വയ്ക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം കുറ്റകരമാണ്. അതിനാല്‍ തന്നെ ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പത്രിക തള്ളാവുന്നതാണെന്നും വിവരമുണ്ട്.