‘പതിനായിരവും മള്ളൂരും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം’ എന്നൊരു ശൈലിയുണ്ടായിരുന്നു പണ്ട്. കാലം മാറിയെങ്കിലും ഈ ശൈലിക്ക് പ്രായോഗികതലത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. പണവും സ്വാധീനവുമുള്ള വമ്പൻ സ്രാവുകൾ നിയമത്തിന്റെ വലകൾ പൊട്ടിച്ച് വിലസുമ്പോൾ സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നു. എങ്കിലും അപൂർവം ചില കേസുകളിൽ നിയമം നോക്കുകുത്തിയാകുന്നിടത്ത് ദൈവത്തിന്റെ അദൃശ്യമായ ഇടപെടലും വിധിനിർണയവും ഉണ്ടാകും എന്ന സന്ദേശമാണ് വികടകുമാരൻ പറഞ്ഞുവയ്ക്കുന്നത്.
ഒരു ചെറിയ ചിത്രമാണ് വികടകുമാരൻ. ഷാജഹാനും പരീക്കുട്ടിയും, റോമൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോബൻ സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വലിയ വിപണിമൂല്യമുള്ള താരങ്ങൾ ഇല്ല എങ്കിലും ചെറിയ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പ്രേക്ഷകനെ ചിരിപ്പിച്ച്, ചില നേരം പിടിച്ചിരുത്തി, ഭംഗിയായി കഥ പറയുന്നുണ്ട് ചിത്രം.
കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. കട്ടപ്പനയ്ക്ക് ശേഷം ധർമജൻ- വിഷ്ണു ജോഡികൾ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ചിത്രത്തിന്റെ ഭൂരിഭാഗവും കോടതിമുറിയിലാണ് പുരോഗമിക്കുന്നത്. മിക്ക സാധാരണക്കാർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്.
പണവും സ്വാധീനവും തലയ്ക്ക് പിടിച്ച ഒരു വ്യക്തിയുടെ ദുഷ്ചെയ്തികൾ മൂലം രണ്ടു രക്തസാക്ഷികൾ സൃഷ്ടിക്കപ്പെടുന്നു. ഒരാൾ സാധാരണക്കാരനും. മറ്റൊരാൾ അറിയപ്പെടുന്ന വ്യക്തിയും. ഇവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടമാണ് കഥ. ചിത്രം പുരോഗമിക്കുമ്പോൾ കേരളത്തിൽ കുറച്ചു കാലം മുൻപ് കോളിളക്കം സൃഷ്‌ടിച്ച ഒരു കേസുമായി വിദൂരസാദൃശ്യം തോന്നാം.
തുക്കടാകേസുകൾ മാത്രം വാദിക്കുന്ന (ലഭിക്കുന്ന) വക്കീല്‍ കഥാപാത്രമാണ് വിഷ്ണു അവതരിപ്പിക്കുന്ന ബിനു. സാമ്പത്തിക പരാധീനതകളും പ്രാരാബ്ധങ്ങളും അയാൾക്ക് ആവോളമുണ്ട്.ആയിടയ്ക്ക് പ്രമാദമായ ഒരു ആക്സിഡന്റ് കേസ് ബിനുവിനെ തേടിയെത്തുന്നു. നൈതികത എല്ലാം മാറ്റിവച്ച് അയാൾ ആ കേസ് ഏറ്റെടുക്കുന്നു. അത് അയാളുടെ ജീവിതത്തിൽ സാമ്പത്തികമായ പുരോഗതി ഉണ്ടാക്കുന്നു. മറ്റുള്ളവരുടെ കണ്ണിൽ മനസാക്ഷിയുടെ കോടതിക്ക് മുൻപിൽ അയാൾ കുറ്റക്കാരനായി മാറുന്നുണ്ടെങ്കിലും അതിനു പിന്നിൽ അയാൾക്ക് ഒരു രഹസ്യ അജൻഡ ഉണ്ടായിരുന്നു. ആ രഹസ്യത്തിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വളഞ്ഞ വഴിയിലൂടെയാണെങ്കിലും അർഹിക്കുന്നവന് നീതി അവസാനം ലഭിക്കുക തന്നെ ചെയ്യണം എന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ മാത്രം ഒതുങ്ങുന്ന വേഷമാണെങ്കിലും ഇന്ദ്രൻസിന്റെ അഭിനയം ശ്രദ്ധേയമാണ്. വില്ലനായി മികച്ച പ്രകടനമാണ് ജിനു ജോസഫ് കാഴ്ച വച്ചിരിക്കുന്നത്. കഥാപശ്ചാത്തലം കേസന്വേഷണവും കോടതിയും വാദവുമൊക്കെയായതുകൊണ്ട് ‘കട്ടപ്പന’യിലെ പോലെ അധികം കോമഡി കോംബിനേഷൻ സീനുകൾ ധർമജനും വിഷ്ണുവിനും ഇടയിൽ ഇല്ല. മാനസയാണ് നായിക. റാഫി, ബൈജു തുടങ്ങിയവരും കോടതിമുറിക്കുള്ളിൽ ചിരി നിറയ്ക്കുന്നുണ്ട്.
രാഹുൽ രാജിന്റെ സംഗീതവും വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനവും നിലവാരം പുലർത്തുന്നു. രണ്ടാം പകുതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്താൻ ചെറിയ ട്വിസ്റ്റുകളും കഥയിൽ നൽകിയിട്ടുണ്ട്. രണ്ടു മണിക്കൂർ 10 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. അമിതപ്രതീക്ഷകളില്ലെങ്കിൽ ചിത്രം തൃപ്തികരമായ കാഴ്ചയായിരിക്കും.