ലോയയുടെ മരണം തിങ്കളാഴ്ച്ച പരിഗണിക്കും.

 

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ്‌ കേസ് പരിഗണിക്കുക . ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം ഉണ്ടായത്.

ലോയ കേസ് ജൂനിയറായ അരുണ്‍ മിശ്രയുടെ ബെഞ്ചിന് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായിട്ടാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെ ത്തിയത് . ഇതിനു പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് അരുണ്‍ മിശ്ര പിന്‍മാറിയത്.

അരുണ്‍ മിശ്രയും ജസ്റ്റിസ് മോഹന്‍ എം.ശാന്തനഗൗഡറും ഉള്‍പ്പെട്ട ബെഞ്ചാണ് ഇതുവരെ ലോയ കേസ് പരിഗണിച്ചിരുന്നത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ പത്താമനാണ് അരുണ്‍ മിശ്ര.

കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിര്‍ന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി.ലോക്കൂര്‍, രഞ്ജന്‍ ഗൊഗോയ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ച്‌ പരസ്യമായി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്.