കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വധിച്ച കേസിലെ സിബിഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സറ്റേ ചെയ്തത് നീക്കണമെന്ന പിതാവ് സി.മുഹമ്മദിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതോടൊപ്പം കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്നു കോടതി വ്യക്തമാക്കി. കേസില്‍ കേരളാ പൊലീസിന് അന്വേഷണം തുടരാമെന്നും പൊലീസിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
പിതാവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയയ്ക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്നും കോടതി പറഞ്ഞു. ഷുഹൈബിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടതിനു ശേഷമായിരുന്നു പരാമര്‍ശം.
കേസില്‍ പൊലീസ് അന്വേഷണം ഫലപ്രദമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോള്‍ കേസ് സിബിഐയ്ക്ക് കൈമാറിയാല്‍ സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വരികയും അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു
അതേസമയം പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടാണു ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലാണു കുടുംബത്തിനു വേണ്ടി ഹാജരായത്. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനാണു ഷുഹൈബിന്റെ കുടുംബത്തിനു വേണ്ടി കപില്‍ സിബലിനെ സുപ്രീംകോടതിയിലെത്തിക്കുന്നത്.
ഷുഹൈബ് വധക്കേസ് പ്രതികള്‍ക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിനെത്തുടര്‍ന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടര്‍ന്നു മധ്യവേനല്‍ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി ഹര്‍ജി മാറ്റുകയും ചെയ്തിരുന്നു. ഒന്നര മാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തു മണിയോടെയാണു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസ്‌പി. ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 11 സിപിഎം പ്രവര്‍ത്തകരില്‍ രണ്ടു പേര്‍ ജാമ്യം നേടി. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്നു മട്ടന്നൂര്‍ പൊലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം.