മുന്നറിയിപ്പു ലഭിച്ചിട്ടും അത് അവഗണിച്ചത് ഗുരുതരമായ വീഴ്ച : രമേശ് ചെന്നിത്തല

home-slider kerala politics udf

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുൻകരുതൽ എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന്  രമേശ് ചെന്നിത്തല. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര വകുപ്പ് തന്നെ സംസ്ഥാന സർക്കാരിനെ
ചുഴലിക്കാറ്റിനെ സംബന്ധിച്ച് ഒൗദ്യോഗികമായി അറിയിച്ചിരുന്നു. മുന്നറിയിപ്പു ലഭിച്ചിട്ടും അത് അവഗണിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെയും ചുഴലിക്കാറ്റ് വീശുന്നതിന് മുൻപ് തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്നതുൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാറാണ് പതിവ്. എന്നാൽ ഇവിടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് തടയുന്നതിന് പോലും സർക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷവും രക്ഷാ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുന്തുറയിലെ ജനങ്ങളുടെ പരിഭ്രാന്തി മുഖ്യമന്ത്രി അറിയിച്ചതായും പൂന്തുറയിൽ അടിയന്തരമായി കണ്‍ട്രോൾ റൂം തുറക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പൂന്തുറയിലുള്ളവർക്ക് സൗജന്യ റേഷൻ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതെ സമയം  തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ അപകടത്തില്‍ പെട്ട  185 പേരില്‍ 150 പേരെ രക്ഷപ്പെടുത്താനായതായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി അറിയിച്ചു. 60 പേരെ ജപ്പാന്‍ കപ്പല്‍ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് രക്ഷപ്പെടുത്തിയവരുമായി കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തും. ഇരുപത് മുതല്‍ നാല്‍പ്പത് പേരെയാണ് ഇനി രക്ഷിച്ചെടുക്കാനുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി.

കരയിലെത്തിയവരുടെ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. 48 മണിക്കൂറോളം കടലില്‍ കഴിഞ്ഞതുകൊണ്ട് പലരും തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പലരേയും മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലര്‍ക്കും സംസാരിക്കാനോ നടക്കാനോ പോലും കഴിയാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.

കടല്‍ പ്രക്ഷുബ്ധമാണെന്നും എന്നാല്‍ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ഹെലിക്കോപ്റ്ററിലടക്കമാണ് ആളുകളെ രക്ഷപ്പെടുത്തിയത്. അതേസമയം, തങ്ങളുടെ വള്ളങ്ങള്‍  നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ പലരും രക്ഷാപ്രവര്‍ത്തകരോടൊപ്പം പോരാന്‍ തയ്യാറാകാത്ത സ്ഥിതിവിശേഷവും ഉണ്ടായി. തൊഴിലാളികളെയെല്ലാം രക്ഷിച്ച ശേഷം വള്ളങ്ങള്‍ വീണ്ടെടുക്കുമെന്നും അതിനാല്‍ രക്ഷാപ്രവര്‍ത്തകരുമായി  ജനങ്ങല്‍ പൂര്‍ണമായി സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *