സി പി എമ്മിന്‍റെ ഔദ്യോഗിക പക്ഷത്തിനെതിരെ ശബ്ദം കടുപ്പിച്ച് വി എസ് അച്യുതാനന്ദന്‍. കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സി പി എം സജീവമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് അതിനെതിരായ വി എസിന്‍റെ നീക്കം.
ഈ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് വി എസ് വീണ്ടും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
മൈക്രോ ഫിനാന്‍സ് കേസുകള്‍, പാറ്റൂര്‍ ഭൂമിയിടപാട് എന്നീ കേസുകളിലും സി ബി ഐ അന്വേഷണം വേണമെന്നും വി എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എസ് എന്‍ ഡി പി യോഗവുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ വി എസിന്‍റെ മൊഴിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ കെ.എം. മാണിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു . കെ.എം. മാണിക്ക് അനുകൂലമായോ പ്രതികൂലമായോ വിജിലന്‍സിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുക്കുന്നതുസംബനധിച്ച് ചര്‍ച്ചകളൊന്നും നടന്നില്ല. ഇക്കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കമുണ്ടെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാല്‍, കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കണമെന്ന് മാണിയും ആവശ്യപ്പെട്ടിട്ടില്ല. വിഷയം ആദ്യം പാര്‍ട്ടിയിലും പിന്നീട് മുന്നണിയിലും ചര്‍ച്ചചെയ്യേണ്ടതാണ്. മാണി ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഇതിന് പ്രസക്തിയില്ല -കോടിയേരി കൂട്ടിച്ചേര്‍ത്തു.