മുംബൈ: സച്ചിന്‍ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് കത്തയച്ചു.
കത്തിൽ ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കുകയും കാഴ്ചപരിമിതിയുള്ള താരങ്ങളെ ബിസിസിഐയുടെ പെന്‍ഷന്‍ സ്കീമിന് കീഴില്‍ കൊണ്ടുവരണമെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആവശ്യപ്പെട്ടു .
ഈ വര്ഷം ജനുവരി 20ന് പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ കത്തയച്ചത്. ‘കാഴ്ചപരിമിതരുടെ ക്രിക്കറ്റില്‍ നമ്മള്‍ തുടര്‍ച്ചയായ നാലാം കിരീടമാണ് നേടുന്നത്. ഈ അവസരത്തില്‍ ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം നല്‍കാന്‍ ഞാന്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നു’ സച്ചിന്‍ കത്തിലെഴുതി.
എല്ലാവര്‍ക്കും പ്രചോദനമാകുന്ന വിജയമാണ് കാഴ്ചപരിമിതരുടെ ഇന്ത്യന്‍ ടീം നേടിയതെന്നും കഴിഞ്ഞ കാലങ്ങളില്‍ ബിസിസിഐ അവരെ പരിഗണിച്ചതുപോലെ ഇത്തവണയും പരിഗണിക്കണമെന്നും സച്ചിന്‍ പറഞ്ഞു. ദ്വീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്ബത്തിക സുരക്ഷ കണക്കിലെടുത്ത് ബിസിസിഐയുടെ പെന്‍ഷന്‍ സ്കീമിന് കീഴില്‍ കളിക്കാരെ കൊണ്ടുവരണമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.