തിരുവനന്തപുരം: ബാര്‍കോഴ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ.പി സതീശനെ പുറത്തക്കി. ഉത്തരവില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവെച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറാണ് ഇദ്ദേഹത്തെ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സ്ഥാനത്ത് നിയമിച്ചത്. ഇന്ന് ബാര്‍ കോഴ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാറിനു വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായത് തര്‍ക്കത്തിനിടവെച്ചിരുന്നു.
മാണിക്കെതിരെ തെളിവുണ്ടെന്നും കേസില്‍ ഗൂഢാലോചനയും ഒത്തുകളിയും നടന്നുവെന്നും പരസ്യ നിലപാടെടുത്തയാളാണ് കെ.പി സതീശന്‍. മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന ഉടന്‍ അതിനെതിരെ സതീശന്‍ രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ടിനെതിരെ നിലപാട് സ്വീകരിച്ച സതീശനെ മാറ്റി സി.സി അഗസ്റ്റ്യനെ പബ്ലിക് പ്രൊസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചില്ല. അതിനാലാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കെ.പി സതീശനും ഹാജരായത്.
തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും വിജിലന്‍സ് അഭിഭാഷകനും മാണിയുടെ അഭിഭാഷകനും സതീശന്‍ കോടതിയില്‍ ഹാജരാകുന്നതിനെ എതിര്‍ക്കുകയും ചെയ്തു . എന്നാല്‍ സതീശന്‍ കോടതിയില്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് കോടതി ചോദിച്ചു. സതീശനെ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറായി നിയമിച്ച ഉത്തരവ് കോടതിയുടെ മുന്നിലിരിക്കെ അദ്ദേഹം കോടതിയില്‍ ഹാജരാകാന്‍ പാടില്ലെന്ന് പറയുന്നതെങ്ങനെ എന്നും കോടതി ചോദിച്ചിരുന്നു. കേസ് ജൂണ്‍ ആറിന് പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കവെയാണ് സതീശനെ പ്രൊസിക്യൂട്ടറെ സ്ഥാനത്ത് നിന്ന് മാറ്റിയത്.