തിരുവനന്തപുരം: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തി . ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കാനാണ് അദ്ദേഹം പൂന്തുറയിൽ എത്തിയത് ., പൂന്തുറ കമ്മ്യൂണിറ്റി ഹാളിലാണ് പ്രധാനമന്ത്രി ദുരന്തബാധിതരെ കാണുന്നത്. ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ദുരന്തബാധിതർക്കു സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു നൽകുമെന്ന് മോദി പൂന്തുറയിലെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.
ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി, കന്യാകുമാരിയിലേക്കു പോയ ശേഷമാണ് തിരിച്ചു തിരുവനന്തപുരത്തെത്തിയത്. 4.15നു തിരുവനന്തപുരത്തു മടങ്ങിയെത്തിയ പ്രധാനമന്ത്രി 4.20നു റോഡുമാർഗം പൂന്തുറയിലേക്കു പോയി.
പൂന്തുറയിൽനിന്ന് 5.05നു തിരിക്കുന്ന പ്രധാനമന്ത്രി റോഡ് മാർഗം 5.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെത്തും. അഞ്ചര മുതൽ ആറേകാൽ വരെ ഓഖി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തുന്ന യോഗത്തിൽ സംബന്ധിക്കും. 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി 6.40നു വ്യോമസേനയുടെ വിമാനത്തിൽ ഡൽഹിക്കു മടങ്ങും.