കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശ എന്‍ജിനിയര്‍മാര്‍ക്ക് ഇഖാമ പുതുക്കണമെങ്കില്‍ കുവൈറ്റ് എന്ജീനീയേഴ്സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ ആശങ്കയിലാക്കുന്നു .
കുവൈറ്റ് എന്ജീനീയേര്‍സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍, എന്ജീനിയര്മാര്‍ക്ക് അവര്‍ പഠിച്ച സ്ഥാപനങ്ങളും കോഴ്സുകളും നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റെഷന്‍റെ അപ്രൂവല്‍ ഉള്ളവയായിരിക്കണം.
എന്നാല്‍ ഇന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന സ്ഥാപനങ്ങള്‍ക്കും ഈ അക്രഡിറ്റെഷന്‍ ഇല്ല എന്നതാണ് സത്യം. മാത്രവുമല്ല ഇന്ത്യയിലെ എന്ജീനീയര്‍മാരുടെ ഗുണനിലവാരം കണക്കാക്കുന്നത് ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍റെ (AICTE) അംഗീകാരം കണക്കാക്കിയാണ്.
എന്നാല്‍ ഗുണനിലവാരത്തിന് മാനദണ്ടമാക്കാന്‍ ഇന്ത്യാ ഗവര്‍മെന്റ് കുവൈറ്റ് സര്‍ക്കാരിന് നല്‍കിയ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റെഷന്‍റെ ലിസ്റ്റില്‍ ഇന്ത്യയിലെ തന്നെ അഭിമാനമായ ഇന്ത്യന്‍ ഇന്സ്ട്ടിറ്റ്യൂട്ട് ഓഫ് ടെക്കനോളജി (IIT) യോ നാഷണല്‍ ഇന്സ്ട്ടിറ്റ്യൂട്ട് ഓഫ് ടെക്കനോളജി (NIT) യുടെയോ മിക്ക സ്ഥാപനങ്ങളും ഇല്ല എന്നതാണ് സത്യം.
ഇന്ത്യയിലെ വിവിധ സര്‍ക്കാര്‍ എന്ജീനീയരിംഗ് കോളേജുകളും എന്‍.ബി.എ അക്രഡിറ്റെഷന് ലിസ്റ്റില്‍ ഇല്ലതാനും. മാത്രവുമല്ല, മറ്റ് നൂറുക്കണക്കിനു വരുന്ന ഇന്ത്യയിലെ പ്രശസ്തമായ നിരവധി കോളെജുകളും എന്‍.ബി.എ അക്രഡിറ്റെഷന്‍ ഒരു ഗുണ നിലവാര മാനദണ്ടമായി കണക്കാക്കുന്നുമില്ല. മാര്‍ച്ച് പതിനൊന്നു മുതല്‍ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റെഷന്‍റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നല്ലാത്ത ഒരാളുടെയും വിസ പുതുക്കെണ്ടതില്ല എന്ന തീരുമാനം കുവൈറ്റ് നടപ്പാക്കിതുടങ്ങുകയും ചെയ്തു.
ഇതിന്‍റെ ഭാഗമായി നിരവധി പേര്‍ക്ക് ഇപ്പോള്‍ തന്നെ വിസ പുതുക്കാന്‍ കഴിയാത്ത അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. മലയാളികളടക്കം ഏകദേശം 7000 ലധികം ഇന്ത്യന്‍ എന്ജീനീയര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് ഈ ഉത്തരവ്. കുവൈറ്റിലെ ഓയില്‍ മേഖലയിലാണ് പ്രധാനമായും ഇന്ത്യന്‍ എന്ജീനീയര്‍മാര്‍ ജോലി ചെയ്യുന്നത്.
താമസ രേഖ പുതുക്കാന്‍ കഴിയാതിരുന്നാല്‍ ഭാര്യയും കുട്ടികളുമടക്കം കാല്‍ ലക്ഷത്തിലധികം പേരെ നേരിട്ട് തന്നെ ഈ പ്രശ്നം ബാധിക്കുമെന്നും കുവൈറ്റില്‍ പഠിച്ചുക്കൊണ്ടിരിക്കുന്ന ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ഉള്‍പ്പെടെ ഈ തീരുമാനം ഗുരുതരമായ അനിശ്ചിതാവസ്ഥായിലെക്ക് തള്ളി നീക്കുമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം എടുക്കാന്‍ കഴിയുക എന്നാണ് കുവൈറ്റ് എന്ജീനീയേര്‍സ് സൊസൈറ്റിയുടെ മേധാവികള്‍ അഭിപ്രായപ്പെടുന്നത്.
ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ഇന്ത്യാ ഗവര്‍മെനടിന്‍റെ ഭാഗത്ത് നിന്നു ഉണ്ടാകാണാമെന്നു ആവശ്യപ്പെട്ടുകൊണ്ട് പ്രോഗസീവ് പ്രൊഫഷണല്‍ ഫോറം, കല കുവൈറ്റ്, കുവൈറ്റ് എന്ജീനീയേര്‍സ് ഫോറം, ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഇഞ്ചിനീയെര്സ് എന്നീ സംഘനടകള്‍ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് ഈ മെയിലുകളും നിവേദനങ്ങളും നല്‍കിക്കഴിഞ്ഞു.
ഈ വിഷയത്തില്‍ വേഗത്തിലുള്ള പരിഹാരത്തിനായി കാത്തിരിക്കുകയാണ് കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസി സമൂഹം.