കൊച്ചി:ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായ എസ് ദുര്‍ഗ ,എതിര്‍പ്പുകള്‍ക്കും വിലക്കുകള്‍ക്കും നിയമപോരാട്ടത്തിനുമൊടുവില്‍ തിയേറ്ററുകളിലേക്ക്. മാര്‍ച്ച് 23 നാണ് സനല്‍ കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’ചിത്രത്തിന്റെ റിലീസ്. രാജശ്രീ, കണ്ണന്‍ നായര്‍, സുജീഷ്, അരുണ്‍ സോള്‍, ബൈജു നെറ്റോ തുടങ്ങിയവരാണ് ചിത്രത്തതില്‍ അഭിനയിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണമുയര്‍ത്തി നേരത്തെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.ജനകീയ ബദല്‍ സംവിധാനത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നത്. പിന്നീട് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സെക്സി ദുര്‍ഗ എന്ന ചിത്രത്തിന്റെ പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയാണ് ഉണ്ടായത്.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് കാട്ടി വാര്‍ത്താ വിനിമയ മന്ത്രാലയം നേരിട്ട് ഇടപെടുകയായിരുന്നു.