ദൃശ്യങ്ങള്‍ ഇല്ലാതെയും കേസ് തെളിയിക്കാനാകും. പ്രതികള്‍ ചെയ്തത് നീലച്ചിത്രം പകര്‍ത്തലാണ് അത് വീണ്ടും ആവശ്യപ്പെടുന്നത് വിചിത്രം. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. നടിക്കെതിരെ ഉണ്ടായത് കൂട്ടമാനഭംഗമാണെന്നും പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇരയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ദൃശ്യങ്ങള്‍ പ്രതിഭാഗം പരിശോധിച്ചതാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
അതേസമയം, ദൃശ്യങ്ങള്‍ നേരത്തെ കണ്ടതല്ലേയെന്ന് ദിലീപിന്റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. അങ്കമാലി കോടതിയില്‍ വെച്ച് ഒരിക്കല്‍ പരിശോധിച്ച ദൃശ്യം വീണ്ടും എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരാഞ്ഞു.
നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ട്. അത് നടിയുടെ ശബ്ദമാണോ എന്ന് സംശയമുണ്ട്. പുരുഷ, സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് ഇക്കാര്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം, വൈദ്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും പ്രതിഭാഗത്തിനു നല്‍കുകയും ചെയ്തിരുന്നു.
പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദിലീപ് ഹൈക്കോടതിയിലെത്തിയത്.