ജോധ്പുര്‍: 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് സല്‍മാന്‍ ഖാനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ജോധ്പുര്‍ വിചാരണ കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദേവ് കുമാര്‍ ഖത്രിയാണ് വിധി പുറപ്പെടുവിച്ചത്.
1972ലെ വനം-വന്യജീവി നിയമ പ്രകാരം സംരക്ഷിത വനമേഖലയില്‍ അനധികൃതമായി അതിക്രമിച്ചു കടന്നു, വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാത്ത ആയുധം ഉപയോഗിച്ച് വേട്ടയാടി എന്നീ കുറ്റങ്ങളാണ് സല്‍മാനെതിരെ വിചാരണ കോടതി കണ്ടെത്തിയത്. സല്‍മാന്‍ തന്നെയാണ് കൃഷ്ണമൃഗത്തിന് നേരെ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി അംഗീകരിച്ചു.
സംഭവ ദിവസം സിനിമ താരങ്ങളായ നാലു സഹയാത്രികര്‍ സഞ്ചരിച്ച ജിപ്സി സല്‍മാനാണ് ഒാടിച്ചിരുന്നത്. കൃഷ്ണമൃഗത്തെ കണ്ടയുടന്‍ സല്‍മാന്‍ വാഹനം നിര്‍ത്തുകയും കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, പട്ടിയുടെ കടിയേറ്റ് കുഴിയില്‍ വീണാണ് കൃഷ്ണമൃഗം ചത്തതെന്ന് സല്‍മാന്‍റെ അഭിഭാഷകന്‍ എച്ച്.എം സരസ്വത് ചൂണ്ടിക്കാട്ടി.
കൂട്ടുപ്രതികള്‍ക്കെതിരെ കുറ്റകൃത്യം ചെയ്യാന്‍ സംഘടിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാല്‍, പ്രോസിക്യൂഷന്‍ വാദം തള്ളിയ കോടതി ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ തെളിവില്ലെന്ന് വ്യക്തമാക്കി.
ലൈസന്‍സ് ഇല്ലാത്ത ആയുധം കൈവശം വെച്ച കേസില്‍ സല്‍മാനെ മറ്റൊരു കോടതി നേരത്തെ വെറുതെവിട്ടിരുന്നു.