ദുല്‍ഖര്‍ സല്മാന് ആദ്യമായി തെലുങ്കില്‍ നായകനായി അഭിനയിച്ച മഹാനടി കേരളത്തിലേക്കും റിലീസിനെത്തിയിരിക്കുകയാണ്. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. ദുല്‍ഖര്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അശ്വിൻ നാഗ് സംവിധാനം ചെയ്ത് വൈജയന്തി മൂവിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ സാമന്ത അക്കിനേനി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന് എഴുതിയ റിവ്യൂ വായിക്കാം.
ഇന്നലെ വരെ ഇൻഡ്യയിലെ തന്നെ മരപ്പാഴ് നടിമാരിൽ മുൻ നിരയിലായിരുന്നു കീർത്തി സുരേഷിന്റെ സ്ഥാനം. ഏത് സൂപ്പർഹീറോയുടെ നായികയായി കാസ്റ്റ് ചെയ്യപ്പെട്ടപ്പോഴും കീർത്തി വേവാത്ത കഷണമായിത്തന്നെ തുടർന്നു. ഏത് നടിയുടെയും നടന്റെയും തലവര വെട്ടിത്തിരുത്താൻ ഒറ്റ വെള്ളിയാഴ്ച മതി. കീർത്തി സുരേഷിന്റെ ആ വെള്ളിയാഴ്ച ഇന്നാണ്. മഹാനടി എന്ന് തമിഴിലും നടികൈയിൻ തിലകം (പ്രൈഡ് ഓഫ് ആക്ട്രസ്സസ്) എന്ന് തമിഴിലും ആദരവിശേഷണമുള്ള സാവിത്രി എന്ന ഇതിഹാസനടിയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കാൻ നാഗ് അശ്വിൻ എന്ന സംവിധായകൻ കീർത്തി സുരേഷിനെ നിയോഗിച്ചു എന്ന് കേട്ടപ്പോൾ മൂക്കത്ത് വിരൽ വച്ചിരുന്നു എല്ലാവരെപ്പോലും ഞാനും. പക്ഷെ സാവിത്രിയായുള്ള പകർന്നാട്ടത്തിനാൽ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു കീർത്തി. കുറ്റം കണ്ടുപിടിക്കാൻ പരിഹാസക്കണ്ണുമായിപ്പോയ ഞാൻ ചമ്മിപ്പോയി എന്നു തന്നെ പറയാം.
പെരുമാറ്റത്തിൽ കുസൃതിക്കാരിയായിരുന്ന, പതിനാലാം വയസിൽ സിനിമയിൽ നായികയായി കാസ്റ്റ് ചെയ്യപ്പെട്ടു ഡയലോഗ് ഡെലിവറി ശരിയാകാത്തതിനാൽ തഴയപ്പെട്ട,പതിനാറാം വയസിൽ ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായ,അൻപതുകളിൽ തെന്നിന്ത്യയിലെ താരറാണിയും മഹാനടിയുമായ,ഉദാരദാനശീലയായ,അഭിനയത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ,സംവിധായികയായപ്പോഴും വിജയം വരിച്ച,ഭർത്താവിന്റെ ഫ്രസ്ട്രേഷനും വിചിത്ര സ്വഭാവങ്ങളും കണ്ട് മദ്യപാനത്തിന് അടിമയായ,നിർമ്മിക്കപ്പെട്ട പടങ്ങളുടെ പരാജയങ്ങൾ കാരണം സാമ്പത്തികമായി തകർന്നു പോയ,ഒന്നരക്കൊല്ലത്തിലധികം കോമാസ്റ്റേജിൽ കിടന്നശേഷം നാൽപ്പത്തഞ്ചാം വയസിൽ അന്തരിച്ച സാവിത്രി എന്ന പ്രതിഭയുടെ അനന്യസാധാരണമായ ജീവിതമാണ് നാഗ് അശ്വിന്റെ മഹാനടി എന്ന ബയോപിക്ക്. ഒരു വെറും കണ്ണീർക്കഥയായി അതിനെ മാറ്റാതെ ഒരു സിനിമയെന്ന നിലയിൽ പക്കാ പെഫക്റ്റ് ആയി സിദ്ധാർഥ് ശിവസ്വാമിയുടെ സ്ക്രിപ്റ്റിന്റെ പിൻബലത്തിൽ നാഗ് അശ്വിൻ എക്കാലത്തേക്കും അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റിയിരിക്കുന്നു.