മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ കുത്തിക്കൊന്ന സംഭവത്തില്‍ അപമാനം ഭയന്നെന്ന് അച്ഛന്റെ മൊഴി. ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനമാകുമെന്ന് കരുതിയതായി അച്ഛന്‍ രാജന്‍ പൊലീസില്‍ മൊഴി നല്‍കി. മദ്യലഹരിയിലായിരുന്നു മകളെ ആക്രമിച്ചതെന്നും മലപ്പുറം ഡിവെെ.എസ്.പി.ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. വിവാഹമായി ബന്ധപ്പെട്ട് ആതിരയും അച്ഛനും തമ്മില്‍ വീട്ടില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രാണരക്ഷാര്‍ത്ഥം അയല്‍വീട്ടിലെ റൂമില്‍ കയറി ഒളിച്ച ആതിരയെ പിന്തുടര്‍ന്നെത്തിയ രാജന്‍ വാതില്‍ചവിട്ടിപ്പൊളിച്ച് കൈയില്‍ കരുതിയ കഠാര ഉപയോഗിച്ച് വയറ്റില്‍ കുത്തുകയായിരുന്നു. ആതിരയെ ഉടനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കല്‍ കേളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലി ചെയ്യുന്ന ആതിര എസ്.സി വിഭാഗത്തില്‍പ്പെട്ട കൊയിലാണ്ടി സ്വദേശിയും സൈനികനുമായ യുവാവുമായി പ്രണയത്തിലായിരുന്നു. ആതിര തിയ്യ വിഭാഗത്തിലാണ്. ഇരുവരും തമ്മിലുള്ള പ്രണയം അച്ഛന്‍ രാജന്‍ എതിര്‍ത്തതോടെ അടുത്തിടെ രജിസ്റ്റര്‍ മാരേജ് ചെയ്തിരുന്നു. തുടര്‍ന്ന് അരീക്കോട് പോലീസ് സ്‌റ്റേഷനില്‍ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് വിവാഹം നടത്താന്‍ സമ്മതിച്ചത്. തന്നെ അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും ഇതു കാര്യമാക്കിയിരുന്നില്ല. ആതിരയുടെ പ്രണയവിവാഹത്തിന് രാജന്‍ മാത്രമായിരുന്നു എതിര്.