ദയാവധം നടപ്പാക്കാനുള്ള അനുമതി ഇനി കേരളത്തിലും; തീരുമാനം അടുത്തമാസത്തോടെ നിലവിൽ വരും

home-slider kerala news

തിരുവനന്തപുരം: ആദ്യമായാണ് ഒരു സംസ്ഥാനം ദയാവധത്തിന് ചട്ടങ്ങളുണ്ടാക്കുന്നത്. തീരുമാനം ഒരു മാസത്തിനുളളില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുന്‍കൂട്ടി ദയാവധത്തിനുള്ള താത്പര്യപത്രം എഴുതാനുള്ള ചട്ടങ്ങളും ഉപാധികളും നിശ്ചയിക്കാന്‍ അഞ്ചംഗസമിതി രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

പാലിയം ഇന്ത്യ സ്ഥാപകന്‍ ഡോ. എം.ആര്‍. രാജഗോപാല്‍ അദ്ധ്യക്ഷനായ സമിതിയില്‍ മുന്‍ ജില്ലാജഡ്ജി വര്‍ഗീസ് എം. മാത്യൂസ്, തിരുവനന്തപുരം മെഡിക്കല്‍കോളേജ് ഗ്യാസ്‌ട്രോഎന്‍ട്രോളജി തലവനായിരുന്ന ഡോ. നരേന്ദ്രനാഥ്, ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈക്യാട്രിസ്റ്റ് ഡോ. നന്ദകുമാര്‍, ന്യൂറോളജിസ്റ്റ് ഡോ. ഈശ്വര്‍ എന്നിവരാണ് അംഗങ്ങള്‍.

നിഷ്‌ക്രിയ ദയാവധത്തിനുള്ള താത്പര്യപത്രത്തില്‍ എന്തൊക്കെ വ്യവസ്ഥകളുണ്ടാവണം, ഏതു സാഹചര്യത്തില്‍ നടപ്പാക്കണം എന്നിവ നിശ്ചയിക്കണമെന്നാണ് അഡി. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ഉത്തരവിലെ നിര്‍ദ്ദേശം. നിഷ്‌ക്രിയ ദയാവധത്തിന് അനുമതിതേടി നൂറുകണക്കിന് അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.

പ്രായപൂര്‍ത്തിയായതും പൂര്‍ണ മാനസികാരോഗ്യമുള്ളതുമായ ഗുരുതരരോഗികള്‍ക്ക് ചികിത്സയുടെ ഏതുഘട്ടത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സമ്മതപത്രം മുന്‍കൂട്ടി തയ്യാറാക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വമേധയാ തയ്യാറാക്കുന്നതാവണം ഇതെന്നും നിര്‍ദ്ദേശമുണ്ട്.

പ്രത്യാഘാതത്തെക്കുറിച്ച്‌ രോഗി ബോധവാനായിരിക്കണമെന്നും ഏതൊക്കെ അസുഖങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ഏത് ഘട്ടത്തില്‍ മരുന്നും ജീവന്‍രക്ഷാ ഉപകരണങ്ങളും വേണ്ടെന്നുവച്ച്‌ മരണം സ്വീകരിക്കാം എന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. നിഷ്‌ക്രിയ ദയാവധത്തെ സ്വാഭാവികമരണമായി കണക്കാക്കി ഡോക്ടര്‍ക്കും ബന്ധുക്കള്‍ക്കും നിയമപരിരക്ഷ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

രണ്ട് സ്വതന്ത്രസാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ രോഗിയും ഒന്നാംക്ലാസ് മജിസ്‌ട്രേട്ടും താത്പര്യപത്രത്തില്‍ ഒപ്പുവയ്ക്കണമെന്നും ഇതിന്റെ പകര്‍പ്പ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിനും ജില്ലാമജിസ്‌ട്രേട്ടിന് നല്‍കുകയും ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കും കുടുംബ ഡോക്ടര്‍ക്കും ഇതിന്റെ പകര്‍പ്പ് നല്‍കണമെന്നും മരണതാല്‍പര്യപത്രം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നും രോഗി അബോധാവസ്ഥയിലായശേഷമേ ഇത് ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് മജിസ്‌ട്രേട്ട് നിയോഗിക്കുന്ന ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമെ ദയവധത്തിന് അനുമതിയാകുകയുള്ളു. ചികിത്സ, ആരോഗ്യനില, തുടര്‍ചികിത്സാ സാധ്യത എന്നിവയെല്ലാം ബന്ധുക്കളെ വ്യക്തമായി അറിയിക്കണമെന്നും ന്യൂറോളജി, കാര്‍ഡിയോളജി, നെഫ്രോളജി, സൈക്യാട്രി, ഓങ്കോളജി വിഭാഗങ്ങളിലെ 20 വര്‍ഷം പരിചയമുള്ള മൂന്ന് ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ബോര്‍ഡ് രോഗിയെ പരിശോധിച്ച്‌ ഉറപ്പ് വരുത്തുകയും വേണം. തുടര്‍ന്ന് ജില്ലാകളക്ടറെ വിവരമറിയിക്കുകയും ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി രോഗിയെ പരിശോധിച്ച്‌ ഉറപ്പ് വരുത്തുകയും ചെയ്യണം.ഡി.എം.ഒയുടെ റിപ്പോര്‍ട്ട് കളക്ടര്‍ വഴി മജിസ്‌ട്രേട്ടിന് കൈമാറിയ ശേഷം മജിസ്‌ട്രേട്ട് രോഗിയെ സന്ദര്‍ശിക്കണം. മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചാല്‍ കുടുംബത്തിന് ഹൈക്കോടതിയെ സമീപിക്കാം. തുടര്‍ന്ന് ഡിവിഷന്‍ബെഞ്ചിന് മെഡിക്കല്‍ബോര്‍ഡിനെ നിയോഗിക്കാം. രോഗിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യ നില മൂന്നു ബോര്‍ഡുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമെ ദയാവധം നടപ്പാക്കാന്‍ അനുമതി കിട്ടുകയുള്ളു .

Leave a Reply

Your email address will not be published. Required fields are marked *