ദക്ഷിണാഫ്രിക്കയുടെ മാതാവ് അന്തരിച്ചു ; നെല്‍സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു. ദീര്‍ഘകാലമായിത്തുടരുന്ന അസുഖമാണ് 81 വയസ് പിന്നിട്ട വിന്നിയെ മരണത്തിലേക്ക് നയിച്ചത്.
1936ല്‍ ഈസ്റ്റേണ്‍ കേപ്പില്‍ ജനിച്ച വിന്നി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.പഠനകാലത്ത് ജോഹന്നാര്‍ബര്‍ഗിലേക്ക് പിന്നീട് താമസം മാറി . തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ട വിന്നി പിന്നീട് വര്‍ണ വിവേചനത്തിനെതിരായുള്ള പോരാട്ടത്തിന്റെ മുന്നണിയിലെത്തുകയായിരുന്നു. സാമൂഹിക ഇടപെടലുകളില്‍ സജീവമായി നില്‍ക്കെ വിന്നി തന്റെ 22-ാം വയസില്‍ മണ്ടേലയെ പരിചയപ്പെട്ടു. അധികം വൈകാതെ ഇവര്‍ വിവാഹിതരാവുകയും ചെയ്‌തു . ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ പിറന്നു.തുടര്‍ന്ന് മണ്ടേലയ്ക്ക് പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോകേണ്ടതായും വന്നു.
ഒളിവിലായ മണ്ടേലയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 27 വര്‍ഷക്കാലം മണ്ടേല ജയിലില്‍ കഴിഞ്ഞെങ്കിലും പുറത്ത് വിന്നി, തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച വിപ്ലവം ആളിക്കത്തിച്ചു.
27 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ജയിലില്‍ നിന്ന് പുറത്തുവന്ന മണ്ടേലയുടെ കൈപിടിച്ചെത്തുന്ന വിന്നിയുടെ ചിത്രം വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായി നിലകൊണ്ടു .
വര്‍ണവിവേചനത്തിനെതിരെ അവര്‍ ശക്തമായി പോരാടി. 1996ല്‍ ഇരുവരും വിവാഹ മോചിതരായെങ്കിലും പേരിന്റെ അവസാനമുള്ള മണ്ടേല അവര്‍ ഉപേക്ഷിച്ചില്ല. മണ്ടേലയുടെ ജയില്‍വാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു.
വിന്നിയുടെ അനുയായികള്‍ അവരെ രാഷ്ട്രമാതാവ് എന്നുവരെ അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജനപ്രീതി ഇടിഞ്ഞ വിന്നി സൗത്ത് ആഫ്രിക്കന്‍ ട്രൂത്ത് ആന്റ് റികണ്‍സിലിയേഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കൊലപാതകത്തിനും മനുഷ്വത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിചേര്‍ക്കപ്പെട്ടു.
അസുഖം ബാധിച്ച് ഏറെനാളായി വിന്നി പ്രയാസപ്പെട്ടിരുന്നു. അവസാനകാലത്ത് നിരന്തരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മരണ സമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു.