കോട്ടയം: ഭൂമി കൈയേറ്റ കേസിൽ മുൻമന്ത്രി തോമസ് ചാണ്ടി കുടുങ്ങിയേക്കുമെന്നു സൂചന , ചാണ്ടിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു. ഈ ജനുവരി 18ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന്‍റെ പകർപ്പ് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. തോമസ് ചാണ്ടിക്കെതിരേ അന്വേഷണം നടത്തിയ വിജിലൻസിന്‍റെ ത്വരിത പരിശോധന റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
റിപ്പോർട്ടിന്‍റെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു എങ്കിലും കോടതി അതു അംഗീകരിച്ചില്ല . അതിന്‍റെ ആവശ്യമുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ അഭിഭാഷകൻ ഉത്തരം മുട്ടി, ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റം ചുമത്താമെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോട്ടിലേക്ക് നിർമിച്ച വലിയകുളം-സീറോ ജെട്ടി റോഡുമായി ബന്ധപ്പെട്ടാണ് വിജിലൻസ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. റോഡ് നിർമാണത്തിന് എംപി ഫണ്ടിൽ നിന്നു തുക അനുവദിച്ച രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മുൻ എംപി കെ.ഇ. ഇസ്മായിൽ, അനുമതി നൽകിയ ജില്ലാ കളക്ടർമാർ എന്നിവരുടെ പങ്കിനെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് ഈസ്റ്റേണ്‍ റേഞ്ച് എസ്പി എം. ജോണ്സണ് ജോസഫ് തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സർക്കാരിന്റെയും ജില്ലാ-സംസ്ഥാന നെൽവയൽ സംരക്ഷണ സമിതികളുടെയും അനുമതിയില്ലാതെ 2008ന് ശേഷം വയൽ നികത്തുന്നതു കുറ്റകരമാണെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.