തരംഗമായി മാറേണ്ട പരീക്ഷണം.

film reviews

●പുതുമയില്ലെന്ന് പറഞ്ഞ്‌ മലയാളസിനിമയുടെ ഭാവിയേക്കുറിച്ച്‌ ഉത്കണ്ഠാകുലരാവുകയും എന്നാൽ പുതുമയുള്ള പരീക്ഷണങ്ങളോട്‌ പുറം തിരിഞ്ഞുനിൽക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം മലയാളി പ്രേക്ഷകർക്കിടയിലേയ്ക്കാണ്‌ ‘മൃത്യുഞ്ജയം’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക്‌ അരുൺ തന്റെ പ്രഥമസംരംഭവുമായി എത്തുന്നത്‌. വിസാരണൈ, കാക്കമുട്ടൈ, നാനും റൗഡി താന്‍, അമ്മാ കണക്ക് എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മലയാളത്തിലേയ്ക്ക്‌ പ്രവേശിക്കുന്ന ചിത്രം കൂടിയാണ്‌ ‘തരംഗം.’

■മലയാള സിനിമാപ്രേമി ഒരിക്കലും മറക്കാത്ത പേരാണ് ‘കള്ളന്‍ പവിത്രന്‍.’ പവിത്രനു മുൻപും ശേഷവും നിരവധി കള്ളന്മാര്‍ മലയാള സിനിമയില വന്നിട്ടുണ്ട്. എന്നാൽ ‘ലക്ഷണമൊത്ത കള്ളൻ’ പവിത്രൻ മാത്രമായിരുന്നു. പത്മരാജൻ സംവിധാനം നിർവഹിച്ച നെടുമുടി വേണു നായകനായ ഈ ചിത്രം അദ്ദേഹത്തിന്റെ തന്നെ ‘കള്ളൻ പവിത്രൻ’ എന്ന ചെറുകഥയുടെ ആവിഷ്കാരമായിരുന്നു. 1981-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗ്രാമജീവിതത്തിന്റെ തികച്ചും വ്യത്യസ്തമായൊരു അവതരണമായിരുന്നു. കള്ളത്തരങ്ങള്‍ക്കിടയിലും പേരുപോലെ തന്നെ പവിത്രത കാത്തുസൂക്ഷിക്കുന്ന പവിത്രന്റെ കഥയായിരുന്നു ചിത്രം. കുടുബം പുലര്‍ത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന പവിത്രന്‌ രണ്ട് ഭാര്യമാരും കുറെ മക്കളുമുണ്ട്‌. പവിത്രന്റെ അല്ലറചില്ലറ മോഷണങ്ങളും, നാട്ടുംപുറങ്ങളില്‍ സ്ഥിരം കാണാറുള്ള സായാഹ്നചർച്ചകളും വിശേഷങ്ങളുമൊക്കെയായി ആദ്യന്തം നര്‍മ്മം നിലനിര്‍ത്തിയ ഒരു കഥാഘടനയായിരുന്നു ഈ ചിത്രത്തിന്റേത്. പത്മരാജന്റെ മറ്റ്‌ ചിത്രങ്ങളുമായുള്ള താരതമ്യത്തിൽ വേറിട്ടൊരു സിനിമതന്നെയായിരുന്നു ഇത്.

■’തരംഗ’ത്തിന്റെ ടാഗ്‌ലൈന്‍ ‘the curious case of കള്ളന്‍ പവിത്രന്‍’ എന്നാണ്. അതുകൊണ്ടുതന്നെ ‘കള്ളൻ പവിത്ര’നെ അറിയാവുന്ന ഏതൊരാളും ചിത്രത്തെ കൗതുകപൂർവ്വം സമീപിക്കുമെന്നതിൽ സംശയമില്ല. ‘ടിക്കറ്റെടുത്ത്‌ തിയെറ്ററിലെത്തിയ പ്രേക്ഷകന്‌’ നന്ദി പറഞ്ഞുകൊണ്ടുള്ള ടൈറ്റിൽ കാർഡിൽ “ഈ സിനിമയിലെ രംഗങ്ങൾക്ക് നിങ്ങൾ കണ്ട പല സിനിമകളുമായി സാദൃശ്യമുണ്ടായേക്കാം, അത് യാദൃച്ഛികമമല്ല, ഒരുപിടി സംവിധായകരുടെ സിനിമകളിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ്” എന്ന മുൻകൂർ ജാമ്യം കൂടി കണ്ടിരുന്നു.

■ഒരു പ്രത്യേക സാഹചര്യത്തിൽ തങ്ങളുടെ ഔദ്യോഗിക പദവികളിൽ നിന്നും സസ്പെൻഡ്‌ ചെയ്യപ്പെട്ട കൈക്കൂലിക്കാരനായ പദ്മനാഭന്‍ പിള്ള, ജോയി എന്നീ ട്രാഫിക് പോലീസുകാരിലൂടെ ആണ് ചിത്രം സഞ്ചരിക്കുന്നത്‌. ടൊവിനോയുടെ പദ്മനാഭൻ പിള്ള എന്ന പപ്പൻ മാലിനി എന്ന കോളേജ്‌ അധ്യാപികയോടൊപ്പം ഒരു ഫ്ലാറ്റിൽ താമസിക്കുകയാണ്‌. ബാലു വർഗ്ഗീസിന്റെ ജോയി തന്റെ എല്ലാമെല്ലാമായ അപ്പാപ്പനോടൊപ്പം സ്വന്തം വീട്ടിലും. ഇരുവരും പണപരമായ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാനായി ഏറ്റെടുക്കുന്ന ഒരു ദൗത്യവും തന്മൂലം ചെന്നെത്തുന്ന പ്രശ്നങ്ങളും ഊരാക്കുടുക്കുകളുമാണ്‌ പിന്നീട്‌ ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്‌. ഒരേസമയം ചിരിക്കുവാനും ചിന്തിക്കുവാനും ഇടനൽകുന്ന രംഗങ്ങളാൽ സമൃദ്ധമാണ്‌ ആദ്യഭാഗങ്ങൾ.

■ഹാസ്യപ്രധാനമായ ഒരു ത്രില്ലർ ഒരുക്കുക എന്ന ലക്ഷ്യത്തിൽ സംവിധായകൻ എത്തിച്ചേർന്നിട്ടുണ്ട്‌. അതീവ രസകരമായ സംഭാഷണരംഗങ്ങളാണ്‌ ചിത്രത്തിന്റെ പ്ലസ്‌ പോയന്റ്‌. ബോറടിപ്പിക്കാതെ പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്തുവാൻ അവ സഹായകരമായി. പപ്പനും ജോയിയും തങ്ങളുടെ പ്രതിയോഗികളുമായുള്ള ഗെയിം തുടങ്ങുമ്പോഴും രസച്ചരട്‌ അതേപടി നിലനിൽക്കുന്നു. എന്നാൽ രഘു ഏന്ന കഥാപാത്രത്തിന്റെ ആഗമനവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ ചിത്രം അൽപമൊന്ന് പ്രേക്ഷകനെ മുഷിപ്പിക്കുന്നുണ്ട്‌. ഒരർത്ഥത്തിൽ പപ്പൻ നിഷ്കളങ്കനാണ്‌. തന്റെ പക്വതയില്ലാത്ത ചില തീരുമാനങ്ങൾ അദ്ദേഹത്തെ ചില സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കുന്നു. ജീവിതത്തെ ഗൗരവപൂർവ്വം സമീപിക്കാതെ അലസമായി തള്ളിനീക്കുന്ന പപ്പൻ ടൊവിനോയുടെ കരിയറിലെ ഒരു വ്യത്യസ്ഥമായ കഥാപാത്രമാണ്‌. പപ്പനും മാലുവും തമ്മിലുള്ള ആദ്യപകുതിയിലെ സംഭാഷണരംഗങ്ങൾ പ്രേക്ഷകരിൽ ചിരിയുണർത്തും. ഒരു ഹാസ്യചിത്രമെന്ന നിലയിൽ നായകനും സുഹൃത്തും ചെന്നെത്തുന്ന സാഹചര്യങ്ങളിലെ യുക്തിയേക്കുറിച്ച്‌ പ്രത്യേകം ചിന്തിക്കേണ്ടതില്ല.

■വളരെ രസകരമായ രംഗങ്ങളാണ്‌ ചിത്രത്തിന്റെ ആദ്യഭാഗങ്ങളിൽ. പരലോകത്തുനിന്നുമാണ്‌ കഥ പറഞ്ഞുതുടങ്ങുന്നത്‌. തന്റെ ഓഫീസുമായി ബന്ധപ്പെട്ടുകിടക്കുന്ന ശയനമുറിയിൽ കുടവയറനായ ദൈവം കിടന്നുറങ്ങുന്നു. ദൈവത്തെ ഒരു പക്ഷി ശല്യപ്പെടുത്തി ഉണർത്തുന്നു. ദൈവത്തിന്റെ സംസാരഭാഷ ഹീബ്രുവും ലാറ്റിനും കലർന്ന ഒന്നായിരുന്നെങ്കിലും ഇടയ്ക്ക്‌ കയറിവരുന്ന മലയാള പ്രയോഗങ്ങൾ അത്‌ വ്യക്തമായി മനസ്സിലാക്കിത്തരുന്നുണ്ട്‌. തന്റെ ചാരത്ത്‌ സ്ഥിരം പരാതിയുമായി എത്തുന്ന, വിഗ്രഹം മോഷ്ടിച്ചതിന് ആളുകൾ തല്ലിക്കൊന്ന കള്ളൻ പവിത്രനുമായുള്ള ദൈവത്തിന്റെ സംഭാഷണവും, മനുഷ്യരുടെ പ്രാർത്ഥനയോടുള്ള അദ്ദേഹത്തിന്റെ അസഹിഷ്ണുതയുമൊക്കെ ആദ്യഭാഗങ്ങളിൽ നന്നായി ചിരിക്കുവാനുള്ള വക നൽകുന്നുണ്ട്‌. കള്ളൻ പവിത്രൻ സ്ഥിരം ഒരു കാര്യം ദൈവത്തോട്‌ ആവശ്യപ്പെടാറുണ്ട്‌-തന്റെ വരും തലമുറയെ എങ്കിലും മോഷണത്തിനിടയിൽ തല്ലിക്കൊല്ലപ്പെടുകയെന്ന ശാപത്തിൽ നിന്നും രക്ഷപ്പെടുത്തണമെന്ന ആവശ്യം-ഒടുവിൽ ദൈവം കള്ളൻ പവിത്രന്റെ അഭ്യർത്ഥനയെ അംഗീകരിക്കുന്നു.

■മനുഷ്യന്റെ ദൈവവിശാസത്തെ ഒരു വേറിട്ട തലത്തിൽ നിന്നുകൊണ്ട്‌, ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രത്തിൽ വിമർശിക്കുന്നത്‌ ശ്രദ്ധേയമാണ്‌. ‘ദൈവത്തെ ഭയപ്പെടുക’ എന്നും ഭക്ത്യാദരവ്‌ പ്രകടമാക്കുക എന്നും മതങ്ങൾ പഠിപ്പിക്കുമ്പോൾ, സ്വാഭാവികമായും വിശ്വാസികൾക്ക്‌ ദൈവം എന്ന സങ്കൽപ്പത്തോട്‌ പലവിധങ്ങളിൽ ഭയമുണ്ടായിരിക്കും. എന്നാൽ ദിലീഷ്‌ പോത്തന്റെ കഥാപാത്രം രസികനായ ദൈവമാണ്‌. ദൈവവും പവിത്രനും തമ്മിലുള്ള സംഭാഷണരംഗങ്ങൾ പ്രേക്ഷകനെ ഊറിച്ചിരിപ്പിയ്ക്കും. നന്മതിന്മകളെ വേർതിരിച്ചറിയുവാനുള്ള കഴിവുണ്ടായിട്ടും തന്നെ വിളിച്ച്‌ ബുദ്ധിമുട്ടിക്കുന്ന മനുഷ്യരെയെല്ലാം ചിത്രം നന്നായി കളിയാക്കിയിട്ടുണ്ട്‌. മനുഷ്യന്റെ മറ്റുകാര്യങ്ങളിലൊന്നും താൻ ഇടപെടാറില്ലെന്നും, ചിന്താപ്രാപ്തിയുള്ള ഏക ജീവിയായ മനുഷ്യന്റെ ചെയ്തികളുടെ ഫലമാണ്‌ ജനങ്ങൾ അനുഭവിയ്ക്കുന്നതെന്നും ദൈവം പറയുന്ന രംഗമുണ്ട്‌. തിരക്കഥാകൃത്ത്‌ കൂടിയായ സംവിധായകൻ സിനിമയിലൂടെ പറയുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു.

■ഒരു ക്രൈം കോമഡി ത്രില്ലറാണ് ചിത്രം. ഫാന്റസി മൂഡിലാണ്‌ ചിത്രത്തിന്റെ അവതരണരീതി. പ്രിയദർശൻ, സിദ്ധീഖ്‌ തുടങ്ങിയവരുടെ മുൻകാല ചിത്രങ്ങളും മറ്റുചില വിദേശചിത്രങ്ങളുമായിരുന്നു സംവിധായകന്‌ പ്രചോദനം. വെസ് ആൻഡേഴ്സൻ, ടാരന്റിനോ തുടങ്ങിയവരുടെ ചിത്രങ്ങളേയും തൊണ്ണൂറുകളിലെ ചില പ്രിയദർശൻ ചിത്രങ്ങളെയും അനുസ്മരിപ്പിക്കുന്ന ചില രംഗങ്ങളും തരംഗത്തിലുണ്ട്‌. പ്രിയദർശൻ ചിത്രങ്ങളിലെ സ്ഥിരം കാഴ്ചകളായ ആശയക്കുഴപ്പങ്ങളും ഓട്ടവും ബഹളങ്ങളും സന്ദർഭാനുസൃത ഹാസ്യരംഗങ്ങളുമെല്ലാം തരംഗവും പിൻപറ്റിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തരംഗവും സ്വീകരിച്ചേക്കാം. എന്തുതന്നെയായാലും തുടക്കക്കാരനായിരുന്നിട്ടുകൂടി ഒരു പരീക്ഷണ ചിത്രത്തിനു തയ്യാറായ സംവിധായകന്റെയും അണിയറപ്രവർത്തകരുടെയും ചങ്കൂറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

■ഓരോ കഥാപാത്രങ്ങൾക്കും സംവിധായകൻ വ്യക്തമായ അസ്തിത്വം നൽകിയിട്ടുണ്ട്‌. അപ്പൂപ്പനോട്‌ സ്നേഹക്കൂടുതലുള്ള ജോയ്‌ മുതൽ ഷമ്മി തിലകൻ അവതരിപ്പിച്ച സംശയരോഗിയായ ഭർത്താവിന്റെ കഥാപാത്രം വരെ അതിനുദാഹരണങ്ങളാണ്‌. നായകന്റെ സന്തതസഹചാരി എന്നതിലുപരിയായി ബാലു വർഗ്ഗീസ്‌ നായകനൊപ്പം തന്നെ പെർഫോം ചെയ്തു. കളളൻ പവിത്രന്റെ കൊച്ചുമകളായ മാലിനി നായകനേക്കാൾ പക്വതയും ഉത്തരവാദിത്വബോധവുമുള്ള ഒരു കഥാപാത്രമാണ്‌. തന്നെ ഏൽപ്പിച്ച വേഷം ശാന്തി ബാലകൃഷ്ണൻ പരമാവധി നന്നായിത്തന്നെ ചെയ്തിട്ടുണ്ട്‌. കാഴ്ചയിലും വളരെ ഭംഗി തോന്നി. ഓമന ഏന്ന കഥാപാത്രമായിരുന്നു നേഹ അയ്യരുടെ ലിപ്‌ സിങ്ക്‌ മിക്കപ്പോഴും കൃത്യമല്ലായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ മെമ്പർ താഹിറായി പ്രേക്ഷകശ്രദ്ധ പിടിച്ചുവാങ്ങിയ അച്യുതാനന്ദനാണ് കളളൻ പവിത്രനായി അഭിനയിക്കുന്നത്‌. അലൻഷ്യർ അവതരിപ്പിച്ച കഥാപാത്രം ഗംഭീരമായിരുന്നു.

■ആഖ്യാനത്തിലെ പുതുമ, മുൻകൂർ പറഞ്ഞ പ്രകാരമുള്ള ക്ലീഷേകളെ അസ്ഥാനത്താക്കിയിട്ടുണ്ട്‌. ‘തരംഗം’ പേരുപോലെ തന്നെ ഒരു ശൃംഖലാ പ്രവർത്തനമാണ്‌. ഒന്നിനോടനുബന്ധമായ മറ്റ്‌ സംഗതികളാൽ വികസിക്കുന്ന കഥ. ഇന്റർ കണക്ട്‌ ചെയ്യുന്ന സംഭവങ്ങളെ തെല്ലും അതിശയോക്തി തോന്നാത്തവിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്‌. ചിത്രത്തിന്റെ ആദ്യഭാഗങ്ങളും അവസാനഭാഗങ്ങളും ഒരു ഫാന്റസി പ്ലോട്ട്‌ ഏന്ന നിലയിൽ അതിപ്രാധാന്യമുള്ളതാണ്‌. ചിത്രത്തിലുടനീളമുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത്‌ ആദ്യ-അവസാന ഭാഗങ്ങളിലൂടെയാണ്‌. (ചിത്രം കാണുവാൻ വൈകിയെത്തുന്നവർക്ക്‌ ആസ്വാദ്യത ഏതാണ്ട്‌ പൂർണ്ണമായും ഇല്ലാതാവും എന്നുകൂടി ഓർമ്മിപ്പിക്കുന്നു.)

■ദീപക്‌ ഡി മേനോന്റെ ഛായാഗ്രഹണം മികച്ചുനിൽക്കുന്നു. ശ്രീനാഥിന്റെ ചിത്രസംയോജനത്തിൽ ചില അപാകതകൾ കാണുവാനിടയായിരുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മകളിലൊന്നാണ്‌ അശ്വിൻ രഞ്ജുവിന്റെ പശ്ചാത്തലസംഗീതം. ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്‌ മുതൽ ആസ്വാദ്യത വർദ്ധിപ്പിക്കുവാൻ അതിടയാക്കി. ഒരു ഗാനം മാത്രമേ പൂർണ്ണമായി കേൾപ്പിച്ചിരുന്നുള്ളൂ. ആ ഗാനം ശരാശരിയിലൊതുങ്ങി. ഡോൺ വിൻസന്റിന്റെ ശബ്ദമിശ്രണവും ശ്രദ്ധേയമാണ്‌.

OVERALL VIEW
■വ്യത്യസ്തവും അംഗീകരിക്കപ്പെടേണ്ടതുമായ ഒരു അപ്രോച്ച്‌. ശക്തിയാർജ്ജിച്ച കഥ എന്നതിനേക്കാൾ കാഴ്ചകൾ കൊണ്ട്‌ പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു ചിത്രം. അതാണ്‌ തരംഗം. എന്നാൽ പ്രേക്ഷകനിൽ നിന്നും മികച്ച ആസ്വാദനരീതികൂടി ചിത്രം ആവശ്യപ്പെടുന്നുണ്ട്‌. ടൊറന്റിൽ മാത്രം ഹിറ്റായ നിരവധി ചിത്രങ്ങളുണ്ട്‌ നമ്മുടെ ഭാഷയിൽ. അതിലൊന്നായി മാറുവാൻ ഇടവരാതെ, നാളത്തെ തലമുറയെ പുതുപരീക്ഷണങ്ങൾ ഒരുക്കുവാൻ ചിത്രം പ്രേരിപ്പിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *