ദില്ലി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ സത്യമല്ല എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയിരിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷ പാര്‍ട്ടികളാണ് ഏപ്രില്‍ 20 ന് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.
നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് നോട്ടീസ് തള്ളാനുള്ള തീരുമാനം ഉപരാഷ്ട്രപതി തീരുമാനിച്ചത് . കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ ഉപരാഷ്ട്രപതി സന്ദര്‍ശനം വെട്ടിച്ചുരുക്കി അടിയന്തരമായി ദില്ലിയിലെത്തിയാണ് വിദഗ്ധരുമായി കൂടിയാലോചന നടത്തിയത്. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സുപ്രിം കോടതി മുന്‍ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍, മുന്‍നിയമസെക്രട്ടറി പികെ മല്‍ഹോത്ര, രാജ്യസഭാ സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായാണ് ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തിയത്.
നോട്ടീസ് തള്ളിയാല്‍ അതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു . കോണ്‍ഗ്രസിന് പുറമെ ആര്‍ജെഡി, എന്‍സിപി, സിപിഐഎം, സിപിഐ, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവച്ചിരിക്കുന്നത്.
പ്രതിപക്ഷത്തെ 71 എംപിമാര്‍ ഒപ്പുവച്ച നോട്ടീസാണ് ഏപ്രില്‍ 20 ന് ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി കൈമാറിയത്. ഇതില്‍ പത്തോളം പേര്‍ അടുത്തിടെ രാജ്യസഭയില്‍ നിന്ന് വിരമിച്ചവരാണ്. അവരുടെ ഒപ്പ് കണക്കിലെടുക്കേണ്ടെന്ന് അന്ന് തന്നെ നേതാക്കള്‍ ഉപരാഷ്ട്രപതിയോട് വ്യക്തമാക്കിയിരുന്നു. ഇവരെ ഒഴിവാക്കിയാലും അറുപതോളം അംഗങ്ങളുടെ പിന്തുണ ഇംപീച്ച്‌മെന്റ് നോട്ടീസിനുണ്ട്. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ രാജ്യസഭയില്‍ 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.