അഹമ്മദാബാദ്/ഷിംല: ഗുജറാത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ 99 സീറ്റുകളോടെ ബിജെപി തുടർച്ചയായ ആറാം തവണയും അധികാരത്തിലെത്തി. 80 സീറ്റോടെ കോൺഗ്രസ് കരുത്തു തെളിയിച്ചു. ഹിമാചൽ പ്രദേശിൽ കോൺഗ്രസിൽ നി ന്നു ബിജെപി ഭരണം പിടിച്ചു.
ഗുജറാത്തിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ കോൺഗ്രസ് മുന്നിലെത്തിയിരുന്നു. പിന്നീട് ബിജെപി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 108 സീറ്റിൽ വരെ ലീഡ് നേടിയ ബിജെപിക്ക് ഒടുവിൽ രണ്ടക്കത്തിലൊതുങ്ങേണ്ടി വന്നു. അധികാരം പിടിച്ചടക്കാനായില്ലെങ്കിലും കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിക്ക് അഭിമാനിക്കാവുന്ന വിജയമാണു ഗുജറാത്തിൽ കോൺഗ്രസ് നേടിയത്.
182 സീറ്റുള്ള ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 92 സീറ്റാണ്. കഴിഞ്ഞ തവണ ബിജെപിക്ക് 115 സീറ്റും കോൺഗ്രസിന് 61 സീറ്റുമായിരുന്നു. ഹിമാചൽപ്രദേശിൽ ഭരണവിരുദ്ധ വികാരം മുതലെടുത്ത ബിജെപി 44 സീറ്റ് നേടി. കോൺഗ്രസ് 21 സീറ്റിലൊതുങ്ങി.സിപിഎം ഒരു സീറ്റ് നേടി. രണ്ടു സ്വതന്ത്രരും വിജയിച്ചു. 68 സീറ്റുള്ള ഹിമാചലിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 35 സീറ്റാണ്.
ഗുജറാത്തിൽ സൗരാഷ്ട്ര മേഖലയാണു കോൺഗ്രസിന്റെ മുന്നേറ്റത്തിനു കരുത്തേകിയത്. ഗ്രാമീണമേഖലകളും കോൺഗ്രിനൊപ്പം നിന്നു. അതേസമയം, മധ്യ, തെക്കൻ ഗുജറാത്തും നഗരമേഖലകളും ബിജെപിയെ തുണച്ചു.
പട്ടേൽ വിഭാഗം കോൺഗ്രസിനെ പിന്തുണച്ചപ്പോൾ മറ്റു വിഭാഗങ്ങളെ കൂടെനിർത്താൻ ബിജെപിക്കായി. മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ബിജെപിക്കാണു മേധാവിത്വം.ഹിമാചൽപ്രദേശിൽ ബിജെപി ഗംഭീരവിജയം നേടിയെങ്കിലും മുഖ്യമന്ത്രിസ്ഥാനാർഥി പ്രേംകുമാർ ധുമലിന്റെ പരാജയം കനത്ത അടിയായി. സംസ്ഥാന ബിജെപി അധ്യക്ഷൻ സത്പാൽ സിംഗ് സാത്തിയും തോറ്റു. അതേസമയം, മുഖ്യമന്ത്രി വീർഭദ്ര സിംഗും മകൻ വിക്രമാദിത്യ സിംഗും വിജയിച്ചു. 1990 മുതൽ ഹിമാചൽപ്രദേശ് ബിജെപിയും കോൺഗ്രസും മാറി മാറി ഭരിച്ചുവരികയാണ്.
1998 മുതൽ തുടർച്ചയായി ഗുജറാത്ത് ഭരിക്കുന്ന ബിജെപി ആദ്യമായാണു നൂറു സീറ്റിൽ താഴെയെത്തുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിലും ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ മെഹ്സാനയിലും ബിജെപി സംസ്ഥാന അധ്യക്ഷൻ ജിത്തു വഘാനി ഭാവ്നഗർ വെസ്റ്റിലും വിജയിച്ചു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ രൂപാണിയും നിതിൻ പട്ടേലും പിന്നിലായതു ബിജെപി ക്യാന്പിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
കോൺഗ്രസാകട്ടെ 1985നു ശേഷമുള്ള ഏറ്റവും മികച്ച വിജയമാണ് ഇക്കുറി നേടിയെടുത്തത്. അതേസമയം, മുന്നേറ്റത്തിനിടയിലും പ്രമുഖ നേതാക്കളായ ശക്തിസിംഗ് ഗോഹിൽ, അർജുൻ മോഡ്വാഡിയ, തുഷാർ ചൗധരി എന്നിവരുടെ തോൽവി കോൺഗ്രസിന് ആഘാതമായി. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ജിഗ്നേഷ് മേവാനിയും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയ അൽപേഷ് ഠാക്കൂറും മികച്ച വിജയം നേടി.
കോൺഗ്രസിനൊപ്പം മത്സരിച്ച ഛോട്ടുഭായ് വാസവയുടെ ഭാരതീയ ട്രൈബൽ പാർട്ടി രണ്ടു സീറ്റിൽ വിജയിച്ചു. എൻസിപിക്ക് ഒരംഗത്തെ വിജയിപ്പിക്കാനായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പട്ടണമായ വഡ്നഗർ ഉൾപ്പെടുന്ന ഉൻഝ മണ്ഡലത്തിൽ ബിജെപിക്കു കനത്ത തോൽവി നേരിടേണ്ടിവന്നു. 1995 മുതൽ ബിജെപി വിജയിക്കുന്ന മണ്ഡലമാണിത്.
പ്രതിപക്ഷ നേതാവായിരുന്ന ശങ്കർ സിംഗ് വഗേലയും ഇരുപതോളം എംഎൽഎമാരും പാർട്ടി വിട്ടിട്ടും ഗുജറാത്തിൽ കോൺഗ്രസിനു പിടിച്ചുനിൽക്കാനായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 60 ശതമാനത്തോളം വോട്ട് നേടിയ ബിജെപി 26 സീറ്റും പിടിച്ചടക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേവലം 13 നിയമസഭാ സീറ്റുകളിൽ മാത്രമായിരുന്നു കോൺഗ്രസിനു ലീഡുണ്ടായിരുന്നത്.
ഗുജറാത്തിലും ഹിമാചലിലും ബിജെപി നേടിയതു സദ്ഭരണത്തിന്റെ വിജയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുകയാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. തനിക്കു നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളോട് നന്ദി പറയുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.