ബംഗളൂരു: ബി.ജെ.പി കര്‍ണാടകയെ കോണ്‍ഗ്രസ് മുക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചു . സംസ്ഥാനത്ത് പുറത്തേക്കുള്ള വഴിയിലാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും കര്‍ണാടക കോണ്‍ഗ്രസ് സംസ്കാരത്തില്‍ നിന്ന് ഉടന്‍ മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ബി.ജെ.പി പരിവര്‍ത്തന യാത്രയുടെ സമാപനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ കാര്യം പരാമർശിച്ചത്.
എല്ലാ പദ്ധതികള്‍ക്കും സര്‍ക്കാര്‍ 10 ശതമാനം കമീഷനാണ് ആവശ്യപ്പെടുന്നത്. കമീഷന്‍ നല്‍കാതെ ഒരു പ്രവൃത്തിയും സാധ്യമല്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തു വരുന്നത്. സിദ്ധരാമയ്യയുടേത് ‘പത്ത് ശതമാനം സര്‍ക്കാരാണെന്ന്’ മോദി പരിഹസിച്ചു. ബി.ജെ.പി സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നത് വികസനമാണെങ്കില്‍, കോണ്‍ഗ്രസ് എന്നതിനര്‍ഥം അഴിമതിയും ജാതീയതയും പ്രീണനവും കുടുംബവാഴ്ചയുമാണെന്ന് മോദി വ്യക്തമാക്കി.
ക്രമസമാധാനനില തകര്‍ന്നു. ക്രിമിനലുകളാണ് ഭരിക്കുന്നത്. ബിസിനസ് സൗഹൃദമാക്കുന്നതിനെ കുറിച്ചാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, കൊലപാതകം അനായാസമാക്കുന്നതാണ് ഇവിടത്തെ ചര്‍ച്ച. എതിര്‍ക്കുന്നവര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. ഇത് ജനാധിപത്യത്തിന് അപകടകരവും സംസ്ഥാന സര്‍ക്കാറിന് ലജ്ജാകരവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ കര്‍ഷകരുടെ തല്‍പര്യത്തിനു വേണ്ടി ബി.ജെ.പി നേതാക്കള്‍ പ്രയത്നിക്കും. ഇത്തവണത്തെ ബജറ്റില്‍ നിര്‍ണായക തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കര്‍ഷകരുടെ വിളകള്‍ക്ക് കൃത്യമായ വില നല്‍കും. ബംഗളൂരുവില്‍ 160 കിലോമീറ്റര്‍ സബര്‍ബന്‍ റെയിലിന് 17,000 കോടി വകയിരുത്തിയിട്ടുെണ്ടന്നും മോദി കൂട്ടിച്ചേര്‍ത്തു.