കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. ആതിഥേയരെ 124 റണ്ണിനു തകര്‍ത്ത വിരാട് കോഹ്്ലിയും സംഘവും ആറു മത്സരങ്ങളുടെ പരമ്ബര ത്തിനു മുന്നിലെത്തി .
കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് നേടിയത്. കരിയറിലെ 34-ാം ഏകദിന സെഞ്ചുറി(160) തികച്ച കോഹ്ലിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. മറുപടി പറഞ്ഞ ആതിഥേയര്‍ 179 റണ്ണിന് ഓള്‍ ഔട്ടായി. ആദ്യരണ്ടു കളികള്‍ക്കു സമാനമായി കുല്‍ദീപ് യാദവിന്റെയും യുത്സ്വേന്ദ്ര ചാഹലിന്റെയും സ്പിന്നിനുമുന്നില്‍ മുട്ടിടിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. ഇരുവരും നാലു വീക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ശേഷിച്ച രണ്ടു വിക്കറ്റ് പേസ് ബൗളര്‍ ജസ്പ്രീത് ബൂംറ സ്വന്തമാക്കി.
51 റണ്ണെടുത്ത ജെപി ഡുമിനിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ എയ്ഡന്‍ മാക്രം (32), ഡേവിഡ് മില്ലര്‍ (25), ഖായാ സോണ്ടോ, ക്രിസ് മോറിസ് (14), കഗീസോ റബാഡ (12) എന്നിവര്‍ക്കു മാത്രമാണ് ഇരട്ടയക്കം കണ്ടെത്താനായത്. വമ്ബന്‍ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് സ്കോര്‍ബോര്‍ഡില്‍ ആദ്യറണ്‍ പിറന്നതിനുപിന്നാലെ ഹാഷിം ആംലയുടെ രൂപത്തില്‍ ആദ്യവിക്കറ്റ് നഷ്ടമായി. ഈ ആഘാതത്തില്‍നിന്നു മാക്രമും ഡുമിനിയും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ സ്പിന്നര്‍ കുല്‍ദീപ് യാദവ് വില്ലനായെത്തി. മാക്രത്തിനെ ധോണി സ്റ്റമ്ബ് ചെയ്തു പുറത്താക്കി. ഡികോക്കിനു പകരമെത്തിയ വിക്കറ്റ് കീപ്പര്‍ ക്ലാസന്‍ ആറുറണ്ണിനു ചാഹലിനു കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പതിവുപോലെ വിറച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് സ്പിന്നര്‍മാര്‍ തങ്ങളുടെ റോള്‍ നിര്‍വഹിച്ചതോടെ ആതിഥേയര്‍ അനിവാര്യമായ തോല്‍വിയിലേക്കു കൂപ്പുകുത്തി. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണ് മാന് ഓഫ് ദി മാച്ച് ,
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അക്കൗണ്ട് തുറക്കുംമുമ്ബേ രോഹിത് ശര്‍മയുടെ രൂപത്തില്‍ ആദ്യവിക്കറ്റ് നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റില്‍ ധവാന്‍-കോഹ്ലി കൂട്ടുകെട്ടാണ് തുണയായത്. ഇരുവരും ചേര്‍ന്ന് 22 ഓവറില്‍ 140 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രണ്ടാം ഓവറില്‍ ക്രീസിലെത്തിയ നായകന്‍ ഇന്നിങ്സ് പൂര്‍ത്തിയാകുമ്ബോള്‍ 159 പന്തില്‍ നിന്ന് 12 ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്ബടിയോടെ 160 റണ്‍സുമായി പുറത്താകാതെ നിന്നു.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടീം ഇന്ത്യയുടെ മറ്റൊരു പ്രമുഖ സ്കോറര്‍. 63 പന്തില്‍ നിന്ന് 12 ബൗണ്ടറികളോടെ 76 റണ്‍സാണ് ധവാന്‍ നേടിയത്. ധവാന്‍ പുറത്തായ ശേഷം അജിന്‍ക്യ രഹാനെ(11), ഹര്‍ദ്ദിക് പാണ്ഡ്യ(14), മഹേന്ദ്ര സിങ് ധോണി(10), കേദാര്‍ ജാദവ്(1) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. വാലറ്റത്ത് ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ചാണ് കോഹ്ലി ടീമിനെ 300 കടത്തിയത്. പിരിയാത്ത ഏഴാം വിക്കറ്റില്‍ 67 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 16 റണ്‍സ് മാത്രമായിരുന്നു ഭുവിയുടെ സംഭാവന.
