കോടതി സ്​റ്റേക്ക്​ ഇനി കാലാവധി ആറുമാസം മാത്രം

home-slider indian kerala

ന്യൂഡല്‍ഹി: നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്​റ്റേ ഒാര്‍ഡറുകള്‍ക്ക്​ ആറുമാസത്തെ കാലാവധി സുപ്രീംകോടതി നിശ്​ചയിച്ചു. കോടതി സ്​റ്റേ മൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക്​ പരിഹാരമുണ്ടാകാന്‍ ഇൗ വിധി സഹായകമാവും.

നിലവില്‍ കോടതി സ്​റ്റേ മൂലം നിയമ നടപടികള്‍ നിര്‍ത്തി​വെച്ച എല്ലാ കേസുകളും ആറുമാസത്തിനു ശേഷം പുനരാരംഭിക്കാമെന്ന്​ കോടതി വിധിച്ചു. ആറുമാസത്തിലേക്കാള്‍ കൂടുതല്‍ ദിവസം സ്​റ്റേ വേണമെന്ന്​ ജഡ്​ജി കരുതുന്ന കേസുകളിലെ വിധിയില്‍ സ്​റ്റേ നീട്ടുന്നതി​​ന്റെ കാരണം വ്യക്​തമാക്കണമെന്നും ഈ വിധിയിൽ വ്യക്തമാക്കുന്നു. കോടതികള്‍ ഇനി മുതല്‍ നല്‍കുന്ന സ്​റ്റേ ഉത്തരവുകള്‍ക്കും വിധി ബാധകമാകും. സ്​റ്റേ ആറുമാസത്തിലധികം നീട്ടണമെങ്കില്‍ എല്ലാ കരണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സ്​പീക്കിങ്ങ്​ ഒാര്‍ഡര്‍ പുറപ്പെടുവിക്കണമെന്നും വിധിയില്‍ പറഞ്ഞു . സ്​​പീക്കിങ്ങ്​ ഒാര്‍ഡറില്‍ കേസ്​ തീര്‍പ്പ്​ കല്‍പ്പിക്കുന്നതിനേക്കാള്‍ സ്​റ്റേ നീട്ടുകയാണ്​ പ്രധാനമെന്ന്​ വ്യക്​തമാക്കാന്‍ സാധിക്കണം. കേസി​ന്റെ പ്രത്യേക സ്വഭാവവും വിധിയില്‍ വ്യക്​തമാക്കണമെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ​ബെഞ്ച്​ ഉത്തരവിട്ടു.

രണ്ട്​ ദശകം മുമ്പ് ​ സി.ബി.ഐ രജിസ്​റ്റര്‍ ചെയ്​ത ഡല്‍ഹി റോഡ്​ നിര്‍മാണത്തിലെ അഴിമതിയുടെ കേസ്​ പരിഗണിച്ചപ്പോഴാണ്​ ബെഞ്ച്​ സ്​റ്റേക്ക്​ കാലാവധി നിശ്​ചയിച്ച്‌​ വിധി പുറപ്പെടുവിച്ചത്​. സി.ബി.ഐ രജിസ്റ്റര്‍ ചെയ്​ത കേസില്‍ വിചാരണ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന്​ കണ്ടെത്തിയിരുന്നെങ്കിലും ഹൈകോടതിയില്‍ നിന്ന്​ സ്​റ്റേ വാങ്ങുകയായിരുന്നു. പിന്നീട്​ 2013ലാണ്​ ​കേസ്‌​ സുപ്രീംകോടതിയിലെത്തുന്നത്​.

2016ല്‍ നിയമ മന്ത്രാലയത്തി​​ന്റെ പഠന കമീഷന്‍ സ്​റ്റേ ഒാര്‍ഡറുകള്‍ കേസുകളുടെ വാദം തുടരുന്നത്​ വര്‍ഷങ്ങളോളം തടയുന്നുവെന്ന്​ റിപ്പോര്‍ട്ട്​ നല്‍കിയിരുന്നു. ഇതി​​ന്റെ കൂടി പശ്​ചാത്തലത്തിലാന്​ സ്​റ്റേക്ക്​ കാലാവധി നിശ്​ചയിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *