മലപ്പുറം: കൊണ്ടോട്ടിയില്‍ നിന്ന് പിടിച്ചെടുത്തത് വന്‍ സ്ഫോടക ശേഖരം. ലോറിയില്‍ സ്ഫോടക വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത് പിടികൂടിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് മോങ്ങത്തെ ഗോഡൗണില്‍നിന്ന് വന്‍ സ്ഫോടക ശേഖരം കണ്ടെത്തിയത്. പതിനായിരം ഡിറ്റണേറ്ററുകളും 10 പത്തു ടണ്‍ ജലാറ്റിന്‍ സ്റ്റിക്കുകളും 10 പായ്ക്കറ്റ് ഫ്യൂസ് വയറും പോലീസ് പിടിച്ചെടുത്തു . ചാക്കില്‍ കെട്ടിയ കോഴിക്കാഷ്ടത്തിനിടയില്‍ ഒളിപ്പിച്ചാണ് സ്ഫോടകവസ്തുക്കള്‍ കടത്താൻ ശ്രമിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോഡൗണില്‍ പോലീസിന്റെ പരിശോധന തുടരുകയാണ്. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ സ്ഫോടകവസ്തുക്കളുടെ കൃത്യമായ കണക്ക് ലഭി ക്കുകയുള്ളു. ഗോഡൗണിന്റെ ഉടമയെ സംബന്ധിച്ച് വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.
ക്വാറികളില്‍ ഉപയോഗിക്കുന്നതിനായി കൊണ്ടുവന്നതാണ് ഈ സ്ഫോടകവസ്തുക്കള്‍ എന്നാണ് പോലീസിന്റെ റിപ്പോർട്ട് . ബുധനാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ പരിശോധനയിലാണ് മോങ്ങത്ത് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടിയത്.