കാസര്‍കോട് :സൂര്യാഘാതമേറ്റ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് മരണപ്പെട്ടു. കുമ്ബള നായിക്കാപ്പ് സ്വദേശിയും മെഡിക്കല്‍ റപ്രസന്റേറ്റീവുമായ പ്രവീണ്‍ (32) ആണ് സൂര്യാഘാതത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്നും കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു പന്ത്രണ്ട് മണിയോടെ ബായാര്‍ മുളിഗദ്ദെ റോഡിലാണ് സംഭവം. പ്രവീണ്‍ ബൈക്കോടിച്ചു പോകുന്നതിനിടെ സൂര്യാഘാതമേറ്റ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ പ്രവീണിനെ നാട്ടുകാര്‍ ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും ശരീരത്തില്‍ സൂര്യതാപമേറ്റതിന്റെ പാടുകള്‍ കണ്ടെത്തി. കാസര്‍കോട് മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടേര്‍സ് സ്ഥാപനത്തിലെ റപ്രസന്റേറ്റീവാണ് പ്രവീണ്. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായകക്ഷേത്രം എക്സി.ഓഫിസറായിരുന്ന പരേതനായ ശ്യാംഭട്ടിന്റെയും ശകുന്തളയുടെയും മകനാണ്. രണ്ട് മാസം മുമ്ബാണ് പിതാവ് ശ്യാംഭട്ട് മരണപ്പെട്ടത്. ഹരികിരണ്‍ ഏക സഹോദരനാണ്.