ആലുവ: കേരളത്തിന് സ്വന്തമായി ആദ്യത്തെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ഉപയോഗിച്ച് ഓടുന്ന കെഎസ്‌ആര്‍ടിസി ബസ്. ആലുവയിൽ സംസ്ഥാനത്തെ ആദ്യത്തെ സിഎന്‍ജി ബസ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം നാല്മണിയ്ക്ക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബസ് ഫ്ളാഗ് ഓഫ് ചെയ്യും. 48 സീറ്റുകളുള്ള ബസില്‍ 150 മുതല്‍ 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാന്‍ മാത്രമുള്ള ഇന്ധനമാണ് ഉള്ളത് . 12.5 കിലോ ഉള്‍ക്കൊള്ളുന്ന ആറ് സിലിണ്ടറുകളും ബസിലുണ്ട്.
ആലുവ ഡിപ്പോയുടെ കീഴില്‍ വരുന്ന ബസ് തായിക്കാട്ടുകരയിലെ സിഎന്‍ജി പമ്പിൽനിന്ന് വാതകം നിറച്ചായിരിക്കും യാത്ര ആരംഭിക്കുക. ഇതിനായി നാല് ഡ്രൈവര്‍മാര്‍ക്കും മൂന്ന് മെക്കാനിക്കുകള്‍ക്കും ഐഒസിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ബസ് ഏത് റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ബസില്‍ സ്ഥലം കുറവാണെന്ന് ആക്ഷേപമുണ്ട്. സാധാരണ ബസിനെക്കാള്‍ ഒരു മീറ്ററോളം നീളം കുറച്ചതാണു സ്ഥലം കുറയാന്‍ കാരണം. കൂടാതെ ഒരു വാതില്‍ മാത്രമാണ് ബസിനുള്ളത്. അതിനാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിടേണ്ടിവരും.