മോദിയുടെ ഗുജറാത്തില്‍ വീണ്ടും ദളിത് വേട്ട. കുതിര സവാരി നടത്തിയതിന് ദളിത് യുവാവിനെ സവര്‍ണര്‍ മര്‍ദ്ദിച്ചു കൊന്നു. പ്രദീപ് റാത്തോഡ് എന്ന 21 കാരനാണ് ഗ്രാമവാസികളായ സവര്‍ണരുടെ ക്രൂരആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ഉംറാല ടെഹ്‌സിലെ ടിംബി ഗ്രാമത്തിലാണ് സംഭവം.
വ്യാഴാഴ്ച രാത്രി പ്രദീപിന്റെ അച്ഛന്‍ നടത്തുന്ന ഫാമിലേക്കുള്ള റോഡിലാണ് പ്രദീപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തായി കുതിരയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് മാസം മുന്‍പാണ് പ്രദീപ് കുതിരയെ വാങ്ങിയത്.
എന്നാല്‍ ഒരു ദളിത് കുടുംബം കുതിരയെ വളര്‍ത്തുന്നതില്‍ സവര്‍ണരായ ഗ്രാമവാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദീപിന്റെ കുടുംബം പറയുന്നു. നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് കുതിരയെ വില്‍ക്കാന്‍ പ്രദീപ് ഒരുങ്ങുന്നതിനിടയിലാണ് കൊല നടന്നത്.
അതേസമയം സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 3000 ത്തിലധികം പേര്‍ താമസിക്കുന്ന ടിംബി ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പതിവാണ്.