കൊച്ചി: കശ്മീരിലെ കത്വവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാര്‍ എന്നയാള്‍ക്കെതിരെ പനങ്ങാട് പോലീസ് ആണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഐപിസി സെക്ഷന്‍ 153എ പ്രകാരമാണ് കേസെടുത്തത്.
സംഭവത്തെത്തുടര്‍ന്നു യുവാവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതിനു പിന്നാലെ വെള്ളിയാഴ്ചയാണ് പോലീസ് കേസെടുത്തത്. എറണാകുളം ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനായ ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നു പോലീസ് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ സംഘടനകളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത വന്നതിന്റെ താഴെയാണ് ഇയാള്‍ വിവാദ പോസ്റ്റ് ഇട്ടത്. ‘ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേരെ’ എന്നായിരുന്നു കമന്റ്. ഇത് സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ബാങ്കിന്റെ ഫേസ്ബുക്ക് പോജിലും ട്വിറ്ററിലും വ്യാപകമായ പ്രതിഷേധ പോസ്റ്റുകള്‍ നിറഞ്ഞു. ബാങ്കിലെ ഫോണിലും അസഭ്യ വര്‍ഷം തുടര്‍ന്നു.
ഇതോടെയാണ് ഇയാളെ പുറത്താക്കിയതായി കാണിച്ച് ബാങ്ക് ട്വീറ്റ് ചെയ്തത്. ജോലിയില്‍ പ്രകടനം മോശമായതിനാല്‍ ഏപ്രില്‍ 11ന് വിഷ്ണു നന്ദകുമാറിനെ ജോലിയില്‍ നിന്ന് നീക്കിയതായാണ് ബാങ്കിന്റെ പ്രതികരണം. ഒരു ദുരന്തത്തെകുറിച്ച് ബാങ്കിലെ മുന്‍ ജീവനക്കാരന്‍ ഇങ്ങനെ കമന്റിട്ടതില്‍ വിഷമമുണ്ടെന്നും അയാളുടെ പ്രസ്താവനയില്‍ ശക്തമായി അപലപിക്കുന്നതായും ബാങ്ക് ട്വീറ്റില്‍ പറയുന്നു.