മെക്സിക്കോയില്‍ കഴിഞ്ഞ മാസം കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി കണ്ടത്തി . ജലിസോയില് കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ഗുണ്ടാസംഘം ആസിഡില്‍ ഇട്ടു ലയിപ്പിക്കുകയായിരുന്നു. എതിര്‍ഗ്രൂപ്പിലെ അംഗങ്ങളാണ് വിദ്യാര്‍ഥികള്‍ എന്നു തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകം.
കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം ഇവരെ മര്‍ദനത്തിനിരയാക്കിയ ശേഷമാണു കൊലപ്പെടുത്തിയത്. ഇതിനുശേഷം ആസിഡില്‍ ഇട്ടതിനാല്‍ മൃതദേഹഭാഗങ്ങള്‍ അവശേഷിക്കുന്നില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ റൗള്‍ സാഞ്ചെസ് അറിയിച്ചു. വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ കെട്ടിടം പോലീസ് കണ്ടെത്തി. ഇവിടെ മറ്റു കൊലകള്‍ നടന്നിട്ടുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്.
തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും മെക്സിക്കോയില്‍ തുടര്‍ക്കഥയാണ്. 2014ല്‍ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 43 അംഗ സംഘത്തെ പോലീസ് തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘങ്ങള്‍ക്കു കൈമാറിയിരുന്നു. ഗുണ്ടാസംഘങ്ങള്‍ ഇവരെ ക്രൂമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചു. 2017ല്‍ 25,000ല്‍ അധികം പേരാണ് മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്.