വീട്ടില്‍ കള്ളനോട്ടടി. സീരിയല്‍ നടിയും അമ്മയും സഹോദരിയും പിടിയില്‍. 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി മെഷീനും പിടിച്ചെടുത്തു. വിവിധ മലയാള സീരിയലുകളില്‍ അഭിനയിക്കുന്ന സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കളളനോട്ട് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്ന പോലീസ് ഇവിടെ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തോടെയാണ് നടിയുടെ പങ്കാളിത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടിഐക്ക് സമീപം രമാദേവിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷിനും കണ്ടെത്തി. 500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. ഇവ അച്ചടിക്കാന്‍ ഉപയോഗിച്ചത് കമ്ബ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിക്കാണ് പോലീസ് സംഘം രമാദേവിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ഏഴു മണിക്കൂറോളം നീണ്ട പരിശോധന പത്ത് മണിക്ക് ശേഷമാണ് അവസാനിച്ചത്. വീടിന്റെ മുകളിലത്തെ നിലയിലാണ് കള്ളനോട്ടടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.ആറു മാസത്തിലധികമായി ഇവിടെ കള്ളനോട്ടടി നടക്കുന്നുണ്ട്. ഇവിടെ നിന്നാണ് നടിയുടെ അമ്മയെ പോലീസ് പിടികൂടിയത്.