ചെന്നൈ:തമിഴ് വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിൽ ദിനകരനെ പേരെടുത്ത് പരാമര്‍ശിക്കാതെ കമല്‍ രൂക്ഷ വിമര്‍ശം നടത്തി. തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്‍ തന്റെ വിജയം പണം കൊടുത്ത് വാങ്ങിയതാണെന്ന് കമലഹാസന്‍ ആരോപിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ് പണത്തിന്റെ പിന്‍ബലത്തില്‍ നേടിയ വിജയമെന്ന് അദ്ദേഹം പറഞ്ഞു . തമിഴ് രാഷ്ട്രീയത്തിനും ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് വലിയ നാണക്കേടാണ്. വിലക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ കൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.ഏറ്റവും കൂടുതല്‍ പണം നല്‍കിയ ആളെ ജനങ്ങള്‍ തിരഞ്ഞെടുക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കമലഹാസന്റേത് വിലകുറഞ്ഞ ആരോപണമാണെന്നും തികച്ച പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും ദിനകരന്‍ പ്രതികരിച്ചു. ആര്‍.കെ നഗറിലെ വിജയം താങ്കള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. എന്നാല്‍ താങ്കള്‍ അപമാനിക്കുന്നത് ആര്‍.കെ നഗറിലെ വോട്ടര്‍മാരെയാണെന്ന് ഓര്‍ക്കണം. തന്റെ പ്രായത്തിന് അനുസരിച്ചുള്ള കാര്യങ്ങളല്ല കമലഹാസന്‍ പറയുന്നതെന്നും ദിനകരന്‍ കുറ്റപ്പെടുത്തി. രജനികാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം അങ്ങേയറ്റം ചർച്ച വിഷയമായിനിൽക്കുന്ന ഈ സമയത്തു കമൽഹാസന്റെ ആരോപണം വൻ ചർച്ചക്കാണ് വഴിവെക്കുന്നത്.