തിരുവനന്തപുരം: സംസ്ഥാനത്തിൽ വീണ്ടും കണ്ണട വിവാദം. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് ഇത്തവണ കണ്ണട വാങ്ങിയത്. കണ്ണട വാങ്ങാൻ വേണ്ടി സ്പീക്കര്‍ കൈപ്പറ്റിയത് 49,900 രൂപയാണെന്ന് നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കി. ലെന്‍സിന് വേണ്ടി 45000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്. തുക കൈപ്പറ്റാന്‍ പാടില്ലെന്ന നിയമസഭാസമിതിയുടെ ഉപദേശമുള്ള സമയത്താണ് സ്പീക്കര്‍ ഈ തുക വാങ്ങിയത്. ചികില്‍സാ ചെലവിനത്തില്‍ സ്പീക്കര്‍ 4,25,594 ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
നേരത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28000 രൂപയ്ക്ക് കണ്ണട വാങ്ങിയതും വിവാദമായിട്ടുണ്ട് . നേരത്തെ ഭര്‍ത്താവിന്റെയും അമ്മയുടേയും പേരില്‍ വ്യാജ ചികിത്സാബില്‍ നല്‍കി പണം തട്ടിയെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ ഉയര്‍ന്ന ആരോപണം.
പണം ഉപയോഗിച്ചത് ആവശ്യത്തിനല്ലെങ്കിൽ നടപടി എടുക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
മന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രികളില്‍ ചികിത്സകള്‍ക്കായി നവംബര്‍വരെ 3,81,876 രൂപ ചെലവിട്ടതായാണ് കണക്കുകള്‍.
ശൈലജയുടെ നടപടിക്കെതിരേ ബിജെപി. നേതാവ് കെ. സുരേന്ദ്രന്‍ വിജിലന്‍സില്‍ പരാതിനല്‍കിയിരുന്നു. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ചികിത്സിക്കാതെ പണം എഴുതിവാങ്ങിയ അവര്‍ രാജിവയ്ക്കണമെന്നും ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.7150 രൂപ പ്രതിദിന വാടകയുള്ള സ്യൂട്ട് റൂമാണ് ആശുപത്രിയില്‍ മന്ത്രിയും കുടുംബവും ഉപയോഗിച്ചിരുന്നത്.
ഇതിന് പുറമെ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സാ ചെലവിലേക്കായി സ്പീക്കര്‍ നാലേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടറിയേറ്റ് രേഖ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ഏന്തിനൊക്കെയാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന ബില്ലുകള്‍ നിയമസഭയിലെ കണക്കുകളില്‍ ലഭ്യമല്ലെന്നാണ് വിവരം.