തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് നാല് ലക്ഷം രൂപവീതം സഹായധനം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേടുപാട് തീര്‍ക്കേണ്ട വീടുകള്‍ക്ക് 50000 രൂപയും ചെറിയ കേടുപാടുകള്‍ തീര്‍ക്കാന്‍ 25,000 രൂപയും നല്‍കും. കടല്‍ ക്ഷോഭത്തില്‍ കേന്ദ്രസഹായം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ അകലത്തില്‍ മാറി താമസിക്കുന്നതിന് 10 ലക്ഷം രൂപവീതം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. കടല്‍ത്തീരത്തുനിന്ന് സുരക്ഷിതമായ പ്രദേശത്ത് മാറിത്താമസിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മുട്ടത്തറയില്‍ 192 വീടുകളും കാരോട് 102 വീടുകളും മാറ്റിപ്പാര്‍പ്പിക്കുന്നതിനായി തയ്യാറാക്കുന്നുണ്ട്. 200ല്‍ അധികം പേര്‍ക്ക് അഞ്ചുതെങ്ങ് ഭാഗത്ത് 10 ലക്ഷം രൂപ നല്‍കി മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞതായും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.