ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് സേവനങ്ങളിലെ വമ്പന്മാരായ വാട്ട്സ്ആപ്പ് പണമിടപാട് നടത്താനുള്ള സംവിധാനമാണ് ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്നത് .എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവരുടെ പങ്കാളിത്തത്തോടെയാവും വാട്സ്ആപ്പ് ഇന്ത്യയില്‍ പണമിടപാട് സേവങ്ങള്‍ ആരംഭിക്കുക. നാഷണല്‍ പെയ്മെന്റ് കോര്‍പറേഷന്റെ അതിവേഗ പണമിടപാട് സേവനമായ യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും വാട്സ്ആപ്പിലെ പണവിനിമയം.
പരീക്ഷണാടിസ്ഥാനത്തില്‍ ‘വാട്ട്സാപ്പ് പേ’ സേവനം ഫെബ്രുവരിയില്‍ തന്നെ ഒരു മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു. നിലവില്‍ വീചാറ്റ്, ഹൈക്ക് എന്നീ ഇന്‍സ്റ്റന്റ് മെസഞ്ചര്‍ ആപ്പുകള്‍ ഇന്ത്യയില്‍ പണമിടപാട് സേവനം ലഭ്യമാക്കുന്നുണ്ട്.വിപണിയില്‍ ഇവരോട് മത്സരിക്കുക എന്നതാണ് പണമിടപാട് സേവനത്തിലൂടെ വാട്ട്സ്ആപ്പ് ലക്ഷ്യമിടുന്നത്. എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ സേവനങ്ങള്‍ അടുത്ത വാരം ആരംഭത്തോടെ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.