ഇന്നലെ രാവിലെയാണ് എം.എം അക്ബറിനെ ഹൈദരാബദ് വിമനാത്താവളത്തില്‍ അധികൃതര്‍ തടഞ്ഞത്. സ്കൂളിലെ രണ്ടാം ക്ലാസില്‍ പഠിപ്പിക്കാന്‍ തയാറാക്കിയ മത പാഠപുസ്തകത്തില്‍ നിങ്ങളുടെ സഹപാഠി മതപരിവര്‍ത്തനത്തിന് തയ്യാറായി വന്നാല്‍ എന്ത് ഉപദേശമാണ് ആദ്യം നല്‍കുക എന്ന പാഠഭാഗം ആണ് വിവാദമായത്.എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പരാതിക്കാരനായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സ്കൂള്‍ റെയ്ഡ് ചെയ്യുകയും വിവാദ പാഠപുസ്തകം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അല്‍ ബുറൂജ് പബ്ലിക്കേഷന്‍ മേധാവി, കണ്ടന്റ് ഡിറ്റര്‍, പാഠപുസ്തക ഡിസൈനര്‍ എന്നിവരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പീസ് ഇന്റര്‍നാഷ്ണല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. എന്‍സിഇആര്‍ടിയുടേയോ സിബിഎസ്‌ഇയോ എസ്സിഇആര്‍ടിയോ നിര്‍ദ്ദേശിച്ച സിലബസായിരുന്നില്ല പീസ് സ്കൂളില്‍ പഠിപ്പിച്ചിരുന്നത്.
ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുളള സിലബസാണ് സ്കൂളില്‍ പഠിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 2009മുതല്‍ സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സിബിഎസ്‌ഇ സ്കൂളില്‍ പ്രധാനമായും മതപഠനമാണ് നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക പ്രഭാഷകനായ എം.എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്ക്കൂളുകള്‍ കേരളത്തിലുണ്ട്.
സ്കൂളില്‍ നിന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഉള്ള പാഠഭാഗങ്ങള്‍ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ ആക്ടിവിറ്റി ഭാഗമാണ് വിവാദത്തിലായിരുന്നത്. ഇതേത്തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. ചെറുപ്പത്തിലേ കുട്ടികളില്‍ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എം.എം അക്ബറിനെ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ ഏഴാം പ്രതിയാണ് അക്ബര്‍. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെയും കൊണ്ട് മറ്റു സ്ഥലങ്ങളിലും പോകേണ്ടതുള്ളത് കൊണ്ട് ഏഴ് ദിവസത്തേ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്.