തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന് നേരെ വീണ്ടും ആക്രമണം നടന്നു. ട്രാന്‍സ്ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശിവാങ്കിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് ഇടയിലാണ് സംഭവം.
ട്രാന്‍സ്ജെന്‍ഡേഴ്സ് ആയ വിനീത, അളകനന്ദ എന്നിവര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ വാഹനത്തിന്‍റെ കീ വലിച്ചൂരിയ ശേഷം ആക്രമിക്കുകയായിരുന്നു.
വിനീതയേയും അളകനന്ദയേയും മര്‍ദ്ദിച്ചത് അറിഞ്ഞ് എത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സൂര്യയ്ക്കും മര്‍ദ്ദനമേറ്റു. തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്തതായി സൂര്യ പറഞ്ഞു.
പാറയില്‍ കുളം പുഷ്പരാജ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇയാള്‍ക്കെതിരെ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍ വേഷത്തില്‍ എത്തിയ ആണുങ്ങള്‍ എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
ആണോ പെണ്ണോ എന്ന് തെളിയിക്കാന്‍ വസ്ത്രമഴിക്കാനും ആവശ്യപ്പെട്ടു. തിരുവനന്തപുരം വലിയതുറയിലും ട്രാന്‍സ്ജെന്‍ഡേഴ്സിനെതിരെ ആക്രമണമുണ്ടായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വന്നയാള്‍ എന്നാരോപിച്ചായിരുന്നു ആക്രമണം.