എകെജി മരിച്ചിട്ട് 41 വര്‍ഷമാകുന്ന വേളയില്‍ അദ്ദേഹത്തെ അനുസ്മരിച്ച് കോടിയേരി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു .’ പാവങ്ങളുടെ പടത്തലവന്‍ എകെ ഗോപാലന്‍ മുന്നോട്ട് വെച്ച സമരപന്ഥാവുകള്‍ ഏറ്റെടുത്ത് നമുക്കിനിയും മുന്നേറാനുണ്ടെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു .
തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
എകെജി പ്രക്ഷോഭത്തിന്റെ പര്യായമായിരുന്നെന്ന് പറഞ്ഞ കോടിയേരി അദ്ദഹം നയിച്ച സമരങ്ങളുടെ വികാരവും ആശയവും അക്ഷരാര്‍ഥത്തില്‍ സമൂഹത്തില്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരാണ് ഇന്ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തിലുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
‘താരതമ്യമില്ലാത്ത സമരപ്രവർത്തനമായിരുന്നു എകെജി നടത്തിയിരുന്നത്.എകെജി നമ്മെ വിട്ടുപിരിഞ്ഞിട്ട് 41 വർഷമാകുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് അദ്ദേഹം. ആ മൂന്ന് അക്ഷരം പ്രക്ഷോഭത്തിന്റെ പര്യായമായിരുന്നു. എകെജിയെ ഓര്‍ക്കാത്ത ദിനങ്ങള്‍ കേരളത്തിന് പൊതുവിലും ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന് വിശേഷിച്ചും ഉണ്ടാകാറില്ല. 73ാംവയസ്സില്‍ അസ്തമിച്ച ആ ജീവിതം മരിക്കാത്ത വിപ്ലവസൂര്യനായി പ്രകാശിക്കുന്നു.
‘ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോഴും ആ സ്വാതന്ത്ര്യസമരസേനാനി കാരാഗൃഹത്തിലായിരുന്നു. താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാര്‍ന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എകെജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനസമരം, സാമുദായിക അനാചാരങ്ങള്‍ക്കെതിരെയുള്ള സമരം ഇങ്ങനെ, ദേശീയ സ്വാതന്ത്ര്യ സമ്പാദ്യത്തിനു മാത്രമല്ല, നവോത്ഥാന പ്രവര്‍ത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി.എകെജിയുടെ സമരഭരിതമായ ജീവിതം നമുക്ക് കരുത്താവട്ടെയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.