അമ്മയുടെ തലപ്പത്തുനിന്നും ഇന്നസെന്റ് ഒഴിയുന്നു , പകരം വരുന്നത് പ്രിത്വിരാജ് ?;

film news home-slider movies

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ ഒഴിയുകയാണെന്ന് നടനും എം.പി യുമായ ഇന്നസെന്റ് പറഞ്ഞു . കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ഇന്നസെന്റ് ഈ ജൂണില്‍ അധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി തീരുന്നതോടെ സ്ഥാനമൊഴിയുമെന്ന് വ്യക്തമാക്കി. തിരക്കുകളും ആരോഗ്യപരമായ കാരണങ്ങളും പരിഗണിച്ചാണ് സ്ഥാനമൊഴിയുന്നതെന്ന് ഇന്നസെന്റ് ന്യൂസ് മിനിട്ടിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ജൂലൈയില്‍ നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി ഇലക്ഷനില്‍ താന്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കിപ്പോള്‍ എഴുപത് വയസ്സായെന്നും ഇത്രയും ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആരോഗ്യം സമ്മതിക്കുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ അറിയിച്ചു.

‘എനിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. എന്റെ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ നിത്യവും എനിക്ക് സന്ദര്‍ശിക്കേണ്ടതുണ്ട് എല്ലാം കൂടി കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ് . ഇപ്പോള്‍ ഏതാണ്ട് പത്തു പതിനഞ്ച് വര്‍ഷമായല്ലോ. കഴിഞ്ഞ നാല് ടേമുകളിലും അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ സ്‌നേഹപൂര്‍വമായ സമ്മര്‍ദ്ദങ്ങളുടെ പുറത്ത് തുടരുകയായിരുന്നു’, ഇന്നസെന്റ് വ്യക്തമാക്കി.

അമ്മയുടെ അധ്യക്ഷ സ്ഥാനം താന്‍ ഒഴിയുകയാണെന്നു കഴിഞ്ഞ ഡിസംബറില്‍ തന്നെ ഇന്നസെന്റ് പറഞ്ഞിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ പ്രാപ്തരായ യുവതാരങ്ങള്‍ അടക്കം നിരവധി പേര്‍ സംഘടനയിലുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. 17 വര്‍ഷം തുടര്‍ച്ചായി പ്രസിഡന്റായതിന് ശേഷമാണ് ഇന്നസെന്റ് പടിയിറങ്ങാനൊരുങ്ങുന്നത്. ഇനി പകരം വരുന്നത് യുവ സൂപ്പർതാരം പ്രിത്വിരാജാണെന്നും അഭ്യൂഹങ്ങളുണ്ട് , കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം ,

Leave a Reply

Your email address will not be published. Required fields are marked *