“അതെ വീണ്ടും ത്രിപുര ശിരസുയർത്തും” ; അണികളെ ആവേശത്തിലാക്കി കൊണ്ട് എം സ്വരാജ് എംഎല്‍ യുടെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാവുന്നു ;..

home-slider politics

ത്രിപുരയിലെ തോൽവിക്ക് മറുപടിയായി
എൽഡിഎഫ് എംഎല്‍എ സ്വരാജ് എഴുതിയ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാവുന്നു ;

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

പരാജയപ്പെട്ടത് ത്രിപുരയാണ്..
എം.സ്വരാജ്

ബി ജെ പി എന്ന് പേരു മാറ്റിയ കോൺഗ്രസാണ് ത്രിപുരയിൽ വിജയിച്ചത്. പുതിയ സാഹചര്യത്തിൽ പുതിയ പേരിൽ തന്നെയാവും തുടർന്നും ത്രിപുരയിലെ കോൺഗ്രസ് അറിയപ്പെടുക . അവിടെ സി പി ഐ (എം) പരാജയപ്പെട്ടു. കേവലം 3% വോട്ട് മാത്രമാണ് കുറഞ്ഞത് . തോറ്റപ്പോഴും തകർന്നു പോയില്ലെന്ന് സാരം.

എങ്കിലും തിരഞ്ഞെടുപ്പിലെ മാനകങ്ങളനുസരിച്ച് ത്രിപുരയിൽ സി പി ഐ (എം) പരാജയപ്പെട്ടു . പരാജയം സമ്മതിക്കുന്നു. എന്തുകൊണ്ട് സി പി ഐ (എം) പരാജയപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ് . അവിടെ സി പി ഐ (എം) തോൽക്കാൻ പാടില്ലായിരുന്നുവെന്ന അഭിപ്രായവും പ്രസക്തമാണ് ….

യുദ്ധത്തിലും ജനാധിപത്യത്തിലും എല്ലായ്പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല. സത്യം ജയിക്കണമെന്നില്ല.

1924 ൽ ഇറ്റാലിയൻ ജനറൽ ഇലക്ഷനിൽ 64% വോട്ടു നേടിയാണ് മുസോളിനി ജയിച്ചത്. ഇത് ശരിയുടെ വിജയമായിരുന്നുവോ ?

1933ൽ ജർമൻ ഫെഡറൽ ഇലക്ഷനിൽ 44% വോട്ടു നേടിയാണ് ഹിറ്റ്ലർ ജയിച്ചത്.
ഇത് ശരിയുടെ വിജയമായിരുന്നുവോ ?

അതെ,
ചരിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട് ,
ശരി ചിലപ്പോഴെങ്കിലും തോൽക്കുമെന്ന് ..
തെറ്റായ നിലപാടും രാഷട്രീയവും വിജയിക്കുമെന്ന് ..
പക്ഷെ ആത്യന്തികമായ വിജയം ശരിക്കു തന്നെയാണ്. സത്യത്തിനാണ് . അതും ചരിത്രം തെളിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിലെ തെറ്റുകളും തിരുത്തപ്പെട്ടിട്ടുണ്ട്.

ഇറ്റലിയിൽ , മിലാനിലെ തെരുവുകളോട് ചോദിയ്ക്കുക ..
ജർമനിയിലെ പ്രേതാലയങ്ങളായ തടങ്കൽ പാളയങ്ങളോട് ചോദിക്കുക ..
പറഞ്ഞു തരും
ജനാധിപത്യത്തിന്റെ വിധിയെഴുത്തിൽ ഒരു ജനതയ്ക്കു പറ്റിയ കൈത്തെറ്റ് കാലം തിരുത്തിയതെങ്ങനെയെന്ന്.
എല്ലാ തെറ്റുകളും തിരുത്താനുള്ളതാണ്.
ത്രിപുരയിൽ തങ്ങൾക്ക് പിണഞ്ഞ പിശകും ജനം ഭാവിയിൽ തിരുത്തുക തന്നെ ചെയ്യും.

ത്രിപുരയിലെ സി പി ഐ (എം) പരാജയം ആഘോഷിക്കുന്നവരോർക്കണം ത്രിപുര പിടിയ്ക്കാനായി ആർ എസ് എസ് നട്ടുവളർത്തുന്നത് വിഘടനവാദത്തെയാണ്. അധികാരം നേടാൻ വിഘടനവാദികളുമായി സഖ്യമുണ്ടാക്കുമ്പോൾ ഒറ്റുകൊടുക്കുന്നത് രാജ്യത്തെ തന്നെയാണ്. അശാന്തമായ ദിനരാത്രങ്ങളും നിലയ്ക്കാതെ മുഴങ്ങുന്ന വെടിയൊച്ചകളും നാളെ ത്രിപുരയുടെ സ്വാസ്ഥ്യം കെടുത്തുന്നതായി മാറിയാൽ നിങ്ങൾ സന്തോഷിക്കുമോ ?

പഞ്ചാബിൽ കാശ്മീരിൽ ആസാമിൽ ..
എവിടെയൊക്കെയാണ് ഇനിയുമിന്ത്യ കണ്ണീരിലും ചോരയിലും മുങ്ങി മരിക്കേണ്ടത് ? ആയുധങ്ങൾ മാത്രം സംസാരിക്കുന്ന താഴ്‌വരകളുടെ ചോരമണക്കുന്ന കഥകൾ ഹരം പിടിപ്പിക്കുന്നതാരെയാണ്.?
രാജ്യം തകർന്നാലും കമ്യൂണിസ്റ്റുകാരുടെ പരാജയം ആഘോഷിക്കണമെന്ന് ചിന്തിക്കുന്നവർ ഇന്ത്യയുടെ ,മനുഷ്യരുടെ മിത്രങ്ങളല്ല .

ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നിൽ പതറി വീണ് മണ്ണടിഞ്ഞ് പോകുന്നവരല്ല കമ്യൂണിസ്റ്റുകാർ . അങ്ങനെയായിരുന്നുവെങ്കിൽ ത്രിപുരയിൽ ഇന്ന് കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകുമായിരുന്നില്ല . കാൽ നൂറ്റാണ്ടിന് മുമ്പ് ഇതേ ത്രിപുരയിൽ തോറ്റ പാർട്ടിയാണിത്. തുടർന്ന് നടമാടിയ ഭീകരവാഴ്ചയെ പ്രാണൻ കൊടുത്തു നേരിട്ട വിപ്ലവകാരികളുടെ മണ്ണാണ് ത്രിപുര .

ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അതിലഹങ്കരിച്ച് ഉത്തരവാദിത്വങ്ങൾ വിസ്മരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ .
ഒരു പരാജയമുണ്ടായാൽ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരുമല്ല വിപ്ലവകാരികൾ. ത്രിപുരയിലെ പരാജയം സൂക്ഷ്മമായിത്തന്നെ വിലയിരുത്തും. പിശകു പറ്റിയിട്ടുണ്ടെങ്കിൽ ധീരമായി തിരുത്തും . ജനങ്ങൾക്ക് തെറ്റിദ്ധാരണയോ വ്യാമോഹമോ ഉണ്ടായിട്ടുണ്ടെങ്കിൽ അവരെ ശരിയായ നിലപാടിലേക്ക് വിനയത്തോടെ നയിക്കും. വാശിയോടെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. വിഘടനവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതും . മതനിരപേക്ഷ നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തും.
തിരിച്ചടികൾ അതിജീവിക്കാനുള്ളതാണ്.

അതെ വീണ്ടും ത്രിപുര ശിരസുയർത്തും .
തിരികെ വരും കൊടുങ്കാറ്റു പോലെ ..
ഒരു കൊടുങ്കാറ്റിലും അണയാത്ത ജ്വാലയായി പ്രകാശം പരത്തും.

അമാവസി കണ്ട് ഇനി ചന്ദ്രനുദിക്കില്ലെന്ന് കരുതരുത് ..
ശിശിരത്തിലെ മരം കണ്ട് ഇലകളുടെ കാലം കഴിഞ്ഞെന്ന് പരിതപിക്കുകയുമരുത് ..
ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓർക്കുക.

Leave a Reply

Your email address will not be published. Required fields are marked *